തൃശൂർ> അധ്വാനിക്കുന്ന തൊഴിലാളികൾക്കും കർഷകർക്കുംനേരെ എട്ടുവർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് തുടർച്ചയായ ആക്രമണങ്ങൾ മാത്രമാണെന്ന് ഓൾ ഇന്ത്യാ കിസാൻ സഭാ പ്രസിഡന്റ് ഡോ. അശോക് ധാവ്ളേ. കർഷകരുടെ അവകാശങ്ങൾക്കായി അതിശക്തമായ പ്രക്ഷോഭം ഉയർന്നുവരും. കർഷകർക്കും സാധാരണക്കാരന് ജീവിക്കാനുള്ള അവകാശങ്ങൾപോലും ഇല്ലാതാക്കി കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കി നൽകുകയാണ് മോദി സകർക്കാരെന്നും ധാവ്ളേ പറഞ്ഞു.
മോദിസർക്കാരിന്റെ ഭരണത്തിൽ കർഷകർക്ക്നേരെയുള്ള ആക്രമണവും, ശിശുമരണവും, പട്ടിണിയും അനുദിനം വർധിക്കുകയാണ്. 25 വർഷക്തതിനകം 40 ലക്ഷം കർഷകർ ആത്മഹത്യ ചെയ്യണ്ടിവന്നു. മോദിയുടെ ഭരണകാലയളവിൽ മാത്രം ഒരു ലക്ഷത്തോളം കർഷകരാണ് ആത്മഹത്യചെയ്യേണ്ടിവന്നത്. പോഷകാഹാരമാല്ലാതെ ആദിവാസികുട്ടികളുടെ മരണം ഏറുകയാണ്. ലോകത്തിലെയാകെയുള്ള വിശപ്പുപട്ടികയെടുത്താൽ ഇന്ത്യയുടെ സ്ഥാനം 107-ാമതാണ്. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭം ഉയർത്താനും അത് വിജയത്തിലെത്തിക്കാനും കർഷകകൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഡൽഹിയിൽ നടന്ന കർഷകസമരത്തിൽ ആയിരത്തിലേറെ കർഷകരെ അണിനിരത്തി അഭിനന്ദാർഹമായ പ്രവർത്തമാണ് കേരളം കാഴ്ചവച്ചത്. രാജ്യമാകെയുള്ള കർഷകരും സമരത്തിൽ പങ്കാളികളായി. ഇതിന്റെ ഭാഗമായി ബിജെപിസർക്കാരിന് ആദ്യമായി കർഷകരുടെ സമരത്തിനുമുന്നിൽ മുട്ടുമടക്കേണ്ടിവന്നു.
സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനും കർഷകരുടെ ഉന്നമനത്തിനായുളള ബദൽ നയങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പോരാട്ടം തുടരണം. കേരളത്തിലെ എൽഡിഎഫ് സർക്കാർ കർഷകർക്ക് അനുകൂലമായി നടപ്പാക്കുന്ന ബദൽപ്രവർത്തനങ്ങൾ രാജ്യത്താകമാനം നടപ്പാക്കണം. മിനിമംവില നടപ്പാക്കുക, ഉൽപ്പാദനച്ചെലവും അതിന്റെകൂടെ 50ശതമാനം വർധനയുമായി താങ്ങുവില ഉറപ്പാക്കണം, വൈദ്യുതി ബിൽ പൽവലിക്കുക, ചെറുകിട കർഷകരുടെയും സാധാരണക്കാരുടെയും കാർഷിക കടങ്ങൾ എഴതിത്തള്ളുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം വരും നാളുകളിൽ കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ തുടരുമെന്നും ധാവ്ളേ പറഞ്ഞു.















