ന്യൂഡൽഹി> പുതിയ വിദ്യഭ്യാസ നയത്തിന്റെ മറപിടിച്ച് അവതരിപ്പിക്കപ്പെട്ട നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം സാധ്യമാകുമെന്ന് യുജിസി. മാസ്റ്റേഴ്സ് കോഴ്സുകൾ ചെയ്തശേഷം പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കുന്ന രീതി മാറുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാറാണ് വ്യക്തമാക്കിയത്.
മാസ്റ്റേഴ്സ് കോഴ്സ് പിഎച്ച്ഡി പ്രവേശനത്തിന് ചെയ്യേണ്ടതില്ല. പകരം നാലുവർഷ ഡിഗ്രിയിൽ തന്നെ ഉദ്ദേശിക്കുന്ന വിഷയത്തിൽ സിംഗിൾ മേജറോ ഡബിൾ മേജറോ കോഴ്സുകളെടുത്ത് അറിവ് വിപുലപ്പെടുത്താമെന്ന് ജഗദേശ് കുമാർ പറഞ്ഞു. അതേസമയം നാലുവർഷ ഡിഗ്രികോഴ്സുകൾ നടപ്പാക്കാൻ സമയപരിധി യുജിസി മുന്നോട്ടുവെച്ചിട്ടില്ല. സർവകലാശാലകൾ വൈകാതെ ഇത് നടപ്പാക്കി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി സർവകലാശാലയിൽ നാലുവർഷ ബിരുദകോഴ്സ് ഈ അധ്യയന വർഷം മുതൽ നടപ്പാക്കിയിരുന്നു. നിലവിലുള്ള മൂന്നുവർഷഡിഗ്രി പരിപൂർണമായി അവസാനിപ്പിച്ചശേഷം മാത്രം പുതിയ സംവിധാനം നടപ്പാക്കിയാൽ മതിയെന്നും ആവശ്യമെങ്കിൽ നാലുവർഷ ഡിഗ്രിയുടെ കരിക്കുലത്തിൽ നിന്ന് നിലവിലുള്ള ഡിഗ്രികോഴ്സുകൾക്ക് പാഠഭാഗങ്ങൾ ഉൾപ്പെടുത്താമെന്നും ചെയർമാൻ പറഞ്ഞു. തിങ്കളാഴ്ചയാണ് നാലുവർഷ ഡിഗ്രിയുടെ കരിക്കുലവും ക്രഡിറ്റ് ചട്ടക്കൂടും യുജിസി പുറത്തിറക്കിയത്.