ന്യൂഡൽഹി
സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാന് നാഷണൽ പെൻഷൻ സിസ്റ്റത്തിലേക്ക് (എൻപിഎസ്) ഇതുവരെ അടച്ച തുക തിരികെ കിട്ടണമെന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, ജാർഖണ്ഡ് സംസ്ഥാനങ്ങളുടെ ആവശ്യം പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി (പിഎഫ്ആർഡിഎ) നിരാകരിച്ചു. പണം തിരികെ നൽകാൻ നിയമപരമായ വ്യവസ്ഥയില്ലെന്നാണ് പിഎഫ്ആർഡിഎ സംസ്ഥാനങ്ങളെ അറിയിച്ചത്. നിലപാട് കേന്ദ്ര ധനസഹമന്ത്രി ഭഗവന്ത് കാരാഡ് ലോക്സഭയില് ഔദ്യോഗികമായി അറിയിച്ചു.
വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചതായി പ്രഖ്യാപിച്ച സംസ്ഥാനങ്ങളാണ് രാജസ്ഥാനും ഛത്തിസ്ഗഢും ജാർഖണ്ഡും. ഇത് നടപ്പാക്കുന്നതിനായാണ് എൻപിഎസിലേക്ക് പുതിയ പെൻഷൻ പദ്ധതിപ്രകാരം ഇതുവരെ അടച്ച തുക തിരികെ ലഭിക്കണമെന്ന ആവശ്യം മൂന്ന് സംസ്ഥാനവും ഉന്നയിച്ചത്. രാജസ്ഥാൻ 39,000 കോടി രൂപയും ഛത്തിസ്ഗഢ് 17,000 കോടിയും അടച്ചിട്ടുണ്ട്. ഇത്രയും തുക നഷ്ടപ്പെടുത്തി മാത്രമേ പഴയ സംവിധാനത്തിലേക്ക് സംസ്ഥാനങ്ങള്ക്ക് തിരിച്ചുപോകാന് കഴിയു എന്നാണ് കേന്ദ്രനിലപാട്.
കേന്ദ്ര ജീവനക്കാർക്കായി വാജ്പേയി സർക്കാരാണ് ആദ്യം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കിയത്. ഇതുപ്രകാരം ജീവനക്കാരനും സർക്കാരും ശമ്പളത്തിന്റെ 10 ശതമാനം വീതം എൻപിഎസിലേക്ക് പ്രതിമാസം അടയ്ക്കണം. ഈ പണം ഫണ്ട് മാനേജർമാർ ഓഹരി വിപണിയിലടക്കം വിവിധ മേഖലകളിലായി നിക്ഷേപിക്കുകയാണ് ചെയ്യുക. വിരമിക്കുമ്പോൾ പെൻഷൻ ഫണ്ടിലെ അറുപത് ശതമാനംവരെ തുക ജീവനക്കാരന് ലഭിക്കും. ശേഷിക്കുന്ന നാൽപ്പത് ശതമാനം തുക ഉപയോഗപ്പെടുത്തി ഏതെങ്കിലുമൊരു ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പെൻഷൻ പദ്ധതി ഗുണഭോക്താവാകണം. വാജ്പേയി സർക്കാർ കേന്ദ്ര ജീവനക്കാർക്കായി തുടക്കമിട്ട പദ്ധതിയുടെ ഭാഗമാകാൻ പിന്നീട് വന്ന കോൺഗ്രസ് സർക്കാർ സംസ്ഥാനങ്ങൾക്കും അവസരമൊരുക്കി.















