മനോഹരഗോളുകൾ പിറന്ന ലോകകപ്പായിരുന്നു ഖത്തറിലേത്. ലയണൽ മെസിയും നെയ്മറും റിച്ചാർലിസണുമെല്ലാം സൗന്ദര്യംനിറച്ച ഗോളുകൾ തൊടുത്ത ലോകകപ്പ്. ബ്രസീൽ താരം റിച്ചാർലിസൺ ഗ്രൂപ്പുഘട്ടത്തിൽ നേടിയ രണ്ട് ഗോളുകളും മിന്നുന്നതായിരുന്നു. ക്രൊയേഷ്യക്കെതിരെ നെയ്മർ നേടിയ ഗോളിനും ചന്തമേറെ. മെക്സിക്കോ, ഓസ്ട്രേലിയ ടീമുകൾക്കെതിരെ മെസി തൊടുത്ത ഗോളുകളും ഈ പട്ടികയിൽപ്പെടും. ഇംഗ്ലണ്ടിന്റെ മാർക്കസ് റാഷ്ഫഡ്, ബുകായോ സാക്ക, കാമറൂണിന്റെ വിൻസെന്റ് അബൂബക്കർ, സ്പെയ്നിന്റെ ഗാവി, ഫ്രാൻസിന്റെ ഒളിവർ ജിറൂ, കിലിയൻ എംബാപ്പെ തുടങ്ങി മനോഹരഗോളുകളിൽ മുദ്രചാർത്തിയവർ ഏറെ. ആ ഗോളുകളിൽ ചിലത്.
താകുമോ അസാനോ (ജപ്പാൻ)
(ഗ്രൂപ്പുഘട്ടത്തിൽ ജർമനിക്കെതിരെ)
ജർമനിക്കെതിരെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു അസാനോയുടെ മനോഹര ഗോൾ. പിൻനിരയിൽനിന്ന് കൗ ഇറ്റാകുറ നീട്ടിനൽകിയ പന്തുമായി ബോക്സിലേക്ക് കുതിച്ച അസോനോയുടെ ശക്തമായ ഷോട്ടിനുമുന്നിൽ ജർമൻ ഗോളി മാനുവൽ നോയെയ്ക്ക് ഉത്തരമുണ്ടായില്ല. ജർമൻ പ്രതിരോധ താരം അന്റോണിയോ റൂഡിഗറേയും കാഴ്ചക്കാരനാക്കി 83–-ാംമിനിറ്റിലായിരുന്നു ഗോൾ.
വിൻസെന്റ് അബൂബക്കർ (കാമറൂൺ)
(ഗ്രൂപ്പുഘട്ടത്തിൽ സെർബിയക്കെതിരെ)
സെർബിയക്കെതിരെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു കാമറൂൺ ക്യാപ്റ്റന്റെ ഗോൾ. പകരക്കാരനായി കളത്തിലിറങ്ങി അഞ്ചാംമിനിറ്റിൽ സെർബിയൻ ഗോൾ കീപ്പറുടെ തലയ്ക്കുമുകളിലൂടെ പന്ത് കോരി വലയിലിടുകയായിരുന്നു. പ്രതിരോധതാരം ജീൻ കാസ്റ്റെലെറ്റോയുടെ പാസ് സ്വീകരിച്ച് കളിയുടെ 63–-ാംമിനിറ്റിലായിരുന്നു ഗോൾ.
റിച്ചാർലിസൺ (ബ്രസീൽ)
(ഗ്രൂപ്പുഘട്ടത്തിൽ സെർബിയക്കെതിരെ)
സെർബിയക്കെതിരെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു റിച്ചാർലിസന്റെ എണ്ണംപറഞ്ഞ ഗോൾ. ഇടതുമൂലയിൽനിന്ന് ബോക്സിലേക്ക് വിനീഷ്യസ് ജൂനിയറാണ് ക്രോസ് നൽകിയത്. റിച്ചാർലിസൺ ഇടംകാലിൽ പന്തെടുത്ത് വലംകാലിൽ കൊരുത്ത് പായിച്ച ബൈസിക്കിൾ കിക്ക് ഖത്തർ ലോകകപ്പിലെ മനോഹരനിമിഷങ്ങളിൽ ഒന്നാണ്. 73–ാംമിനിറ്റിലായിരുന്നു ഗോൾ.
ലയണൽ മെസി (അർജന്റീന)
(ഗ്രൂപ്പുഘട്ടത്തിൽ മെക്സിക്കോയ്ക്കെതിരെ)
നിർണായക ഗ്രൂപ്പ് പോരിൽ മെക്സിക്കോയ്ക്കെതിരെയായിരുന്നു മെസിയുടെ മനോഹര ഗോൾ. എയ്ഞ്ചൽ ഡി മരിയയുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് മെക്സിക്കോ പ്രതിരോധക്കാർക്കിടയിലൂടെ മെസി അടി പായിക്കുകയായിരുന്നു. സൂചിമുനയുടെ കൃത്യതയുള്ള ഷോട്ട് മെക്സിക്കോ ഗോളി ഗില്ലെർമോ ഒച്ചാവയ്ക്ക് എത്തിപ്പിടിക്കാനായില്ല. 64–-ാംമിനിറ്റിലായിരുന്നു ഗോൾ.
പയ്ക് സിയുങ് ഹോ (ദക്ഷിണ കൊറിയ)
(പ്രീ ക്വാർട്ടറിൽ ബ്രസീലിനെതിരെ)
ബ്രസീലിനെതിരെ പ്രീക്വാർട്ടറിലായിരുന്നു പയ്ക് സിയുങ് ഹോയുടെ ലോങ് റേഞ്ചർ. 78–-ാംമിനിറ്റിൽ ഫ്രീകിക്കിൽനിന്ന് തട്ടിത്തെറിച്ച പന്ത് സിയുങ് ഹോ വെടിയുണ്ടകണക്കെ ബ്രസീൽ വലയിലേക്ക് പായിക്കുകയായിരുന്നു. ഗോളി അലിസൺ ബക്കറെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ കയറി.