ശബരിമല
തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് വരികളിലെ ക്രമീകരണം കാര്യക്ഷമമാക്കി. വലിയ നടപ്പന്തലിലെ ഒമ്പത് വരികൾക്കുപുറമെ സന്നിധാനം ഓഡിറ്റോറിയത്തിനു സമീപത്തെ മൂന്നുവരികളും തീർഥാടകർക്കായി തുറന്നുകൊടുത്തു. ഇതോടെ നടപ്പന്തലിലെ തിരക്ക് നിയന്ത്രിക്കാനും കൂടുതൽ തീർഥാടകർക്ക് വേഗത്തിൽ ദർശനം നടത്താനുമാകും.
പുൽമേടുവഴി എത്തുന്ന തീർഥാടകരെയാണ് പുതുതായി തുറന്ന വരികളിലുടെ കടത്തിവിടുക. ഇതുകൂടാതെ പമ്പയിൽനിന്നെത്തുവരെയും തിരക്ക് ക്രമീകരിച്ച് ഈ വരികളിലേക്ക് മാറ്റും. പടികയറ്റം വേഗത്തിലായതോടെ തീർഥാടകരുടെ കാത്തിരിപ്പ് കുറയ്ക്കാനായി. ശബരിമല എഡിഎം പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. അവശ്യഘട്ടങ്ങളിൽ കൂടുതൽ സന്നദ്ധപ്രവർത്തകരെ വിന്യസിക്കാനും നിർദേശം നൽകി.
ചന്ദ്രാനന്ദൻ റോഡുവഴി തീർഥാടകരെ വിടാത്തത് തിരക്കിന് ഇടായാക്കുന്നുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ ഈ പാതയിലൂടെ അത്യാവശ്യ ഘട്ടങ്ങളിൽ സഞ്ചാരമുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും മറ്റു അടിയന്തര സാഹചര്യങ്ങളിലും തീർഥാടകർ ഈ പാത ഉപയോഗിക്കുന്നുണ്ട്. ക്യൂ കോംപ്ലക്സുകളുടെ അറ്റകുറ്റപ്പണി തീർക്കാനും തിരക്ക് നിയന്ത്രിക്കാൻ ഇവിടങ്ങൾ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
ദർശനം കഴിഞ്ഞ് തീർഥാടകർ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കും. നിലവിൽ 12.15 വരെയാണ് അഭിഷേകത്തിനുള്ള സമയം. ഇതിനുശേഷം ദർശനം നടത്തുന്നവർ അഭിഷേകത്തിനായി പിറ്റേന്നുവരെ കാത്തിരിക്കുന്നത് സന്നിധാനത്തെ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ അഭിഷേക നെയ്പ്രസാദ കൗണ്ടർ പ്രയോജനപ്പെടുത്തണം. കൃത്യമായ ഇടവേളകളിൽ പ്രവർത്തനം വിലയിരുത്താനും യോഗം തീരുമാനിച്ചു. വ്യാഴാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.
ഗതാഗത ക്രമീകരണങ്ങൾ ഫലപ്രദമാക്കും
ഗതാഗത തടസ്സം ഒഴിവാക്കാനായി നിലയ്ക്കൽ–-പമ്പ വരെയുള്ള ക്രമീകരണം കാര്യക്ഷമമാക്കും. കെഎസ്ആർടിസി ബസുകളുടെ യാത്ര സുഗമമാക്കുകയാണ് പ്രധാന ലക്ഷ്യം. മറ്റു വാഹനങ്ങൾ തീർഥാടകരെ ഇറക്കാനും കയറ്റാനും താമസിക്കുന്നത് കെഎസ്ആർസിടി സർവീസിന് പ്രതിസന്ധിയാകുന്നുണ്ട്. ഇതുപരിഹരിക്കാൻ നിലയ്ക്കലിലും പമ്പയിലും തീർഥാടകരെ കയറ്റുന്നതിനും ഇറക്കുന്നതിനും കെഎസ്ആർടിസിക്ക് പ്രത്യേക സ്റ്റോപ്പ് കണ്ടെത്തും. നിലയ്ക്കലിൽ ഏഴായിരത്തോളം വാഹനങ്ങൾക്ക് പാർക്കിങുണ്ട്. ഇത് വിപുലപ്പെടുത്താൻ സ്ഥലങ്ങൾ കണ്ടെത്തി. വാഹനങ്ങളുടെ പോക്കുവരവ് തടസ്സപ്പെടുന്ന ഘട്ടത്തിൽ പത്തനംതിട്ടയിലുൾപ്പെടെ തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. ഇലവുങ്കൽ പാതയിലും തീർഥാടക വാഹനങ്ങൾ തടയുന്ന സ്ഥിതിയുണ്ട്. പുതിയ ക്രമീകരണങ്ങൾ വരുന്നതോടെ ഈ നിയന്ത്രണവും ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.