കെ വരദരാജൻ നഗർ (തൃശൂർ)
മഹാ കർഷകപ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പിൽ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെതിരെ രാജ്യമാകെ വീണ്ടും കർഷകപ്രക്ഷോഭം ഉയർന്നുവരുമെന്ന് കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള പറഞ്ഞു. ഡൽഹിയിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും സമരം അലടയിക്കും. തൃശൂരിൽ അഖിലേന്ത്യാ സമ്മേളനനഗരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 26ന് ജില്ലാകേന്ദ്രങ്ങളിൽ പ്രക്ഷോഭം നടത്താനാണ് ആലോചന. ബജറ്റ് സെഷനിൽ പാർലമെന്റിനു മുന്നിൽ സമരം നടത്തും. 24ന് സംയുക്ത കിസാൻ മോർച്ച അന്തിമതീരുമാനമെടുക്കും. സമരം അവസാനിപ്പിക്കുമ്പോൾ നേതാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.
അദാനിയുടെ ബ്രോക്കറായും ഏജന്റായും മോദി മാറുകയാണ്. കർഷകരുടെ ഭൂമി പിടിച്ചെടുത്ത് കോർപറേറ്റുകൾക്ക് നൽകാനാണ് നീക്കം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനുള്ള നീക്കങ്ങൾ നടക്കുന്നു. വിപണിയും കോർപറേറ്റുകൾ കീഴടക്കുന്നു. ഉൽപ്പന്നങ്ങൾക്ക് വിലയില്ലാത്തതിനാൽ കടക്കെണിമൂലം കർഷകർ ആത്മഹത്യ ചെയ്യുകയാണ്. തീവ്ര കോർപറേറ്റ് –-വർഗീയ–-ജനാധിപത്യവിരുദ്ധ, കർഷകവിരുദ്ധ സർക്കാരാണ് മോദിയുടേത്. സമ്മേളനത്തിനു വന്ന വിദേശ പ്രതിനിധികളായ ക്രിസ്ത്യൻ അലിയാമി, മരിയ ഡ റോച്ച എന്നിവരുടെ യാത്ര തടഞ്ഞു. ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും വലിയ തെളിവാണിത്.
കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സംഘാടകസമിതി ജനറൽ കൺവീനർ എ സി മൊയ്തീൻ എംഎൽഎ, കെ വി അബ്ദുൾഖാദർ, യു പി ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.