പാലക്കാട് > ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷകസംഘം ചൊവ്വാഴ്ച രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. 18 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ നാർകോട്ടിക് സെൽ ഡിവൈഎസ്പി എം അനിൽകുമാർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 1950 പേജുള്ളതാണ് കുറ്റപത്രം. 185 സാക്ഷികളും ഡിജിറ്റൽ തെളിവുകളും 270 തൊണ്ടിമുതലും ഉൾപ്പെടുന്നു.
കേസിൽ 44 പ്രതികളാണുള്ളത്. 41 പേരെ അറസ്റ്റ് ചെയ്തതായും മൂന്നുപേർ ഗൾഫിലാണെന്നും ഡിവൈഎസ്പി എം അനിൽകുമാർ പറഞ്ഞു. ഇവരെ കൊണ്ടുവരാനുള്ള റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി പുരോഗമിക്കുന്നു. കേസിന്റെ മൂന്നാംഘട്ട അന്വേഷണം ആരംഭിച്ചു. ജൂലൈയിൽ 25 പ്രതികൾക്കെതിരെ 893 പേജുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഏപ്രിൽ 16ന് പകൽ ഒന്നോടെയാണ് മേലാമുറിയിൽ എസ്കെഎസ് ഓട്ടോ എന്ന സ്ഥാപനത്തിലെത്തി ശ്രീനിവാസനെ പോപ്പുലർഫ്രണ്ട്- –-എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊന്നത്.