തിരുവനന്തപുരം > സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. സംസ്ഥാനത്തെ സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിനും സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനുമാണ് നിയമനിർമാണം. ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ ശുപാര്‍ശ സഭയില്‍ ഭാഗികമായി അംഗീകരിച്ചു. സ്പീക്കറെ പരിഗണിക്കുന്നത് സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍, സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയേയോ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനെയോ ചാന്‍സലര്‍ ആക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കേരള, മഹാത്മാഗാന്ധി, കൊച്ചി, കലിക്കറ്റ്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള, കേരള ഡിജിറ്റൽ, ശ്രീനാരായണഗുരു ഓപ്പൺ, കേരള കാർഷിക, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കേരള ആരോഗ്യ, എപിജെ അബ്ദുൾകലാം സർവകലാശാലകളുടെ നിയമങ്ങളിലാണ് ഭേദഗതി. ഭരണഘടനാ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയോഗിക്കുന്നത് ഉചിതമാകില്ലെന്ന പൂഞ്ചി കമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കരട് ബിൽ തയ്യാറാക്കിയിട്ടുള്ളത്.
ചാൻസലർക്കെതിരെ ഗുരുതരമായ പെരുമാറ്റദൂഷ്യ ആരോപങ്ങണൾ ഉണ്ടായാൽ ചുമതലകളിൽനിന്ന് നീക്കംചെയ്യാൻ സർക്കാരിന് അധികാരമുണ്ടാകുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ആൾ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തീരുമാനം.