തിരുവനന്തപുരം > പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ചില തീവ്രവാദ ശക്തികൾ മുതലെടുപ്പിന് ശ്രമിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ആലോചിക്കാത്ത കാര്യങ്ങളിൽ തെറ്റിധാരണ പ്രചരിപ്പിക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ജനകീയാഭിപ്രായ രൂപീകരണത്തിന് ചർച്ചാകുറിപ്പാണ് പുറത്തിറക്കിയത്. മിക്സഡ് ഹോസ്റ്റലും ബെഞ്ചുമൊന്നും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് അതത് സ്കൂളുകളിലാണ്. സമയമാറ്റത്തിൽ തീരുമാനമുണ്ടായതായുള്ള വ്യാഖ്യാനങ്ങൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കൽ പ്രക്രിയയിലാണ് സംസ്ഥാനങ്ങൾ. ജനാധിപത്യം, മതനിരപേക്ഷത ഉൾപ്പെടെ ഭരണഘടനാ ദർശനങ്ങളെ തിരസ്കരിക്കുന്നതാണ് ദേശീയവിദ്യാഭ്യാസനയം. കേരളം പാഠ്യപദ്ധതി പരിഷ്കരണ ആസൂത്രണത്തിൽ ഇക്കാര്യവും പരിഗണിക്കുന്നു. സുതാര്യവും ജനാധിപത്യപരവുമായി ഈ പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധരെയും പ്രൊഫസർമാരേയും കോളേജ്, സ്കൂൾ അധ്യാപകരെയും ഉൾപ്പെടുത്തി 26 ഫോക്കസ് ഗ്രൂപ്പ് രൂപീകരിച്ചു.
ഈ ഗ്രൂപ്പുകൾ നിലപാട് രേഖ തയ്യാറാക്കുകയാണ്. ഇതിനായി സ്കൂൾതലം മുതൽ വിപുലമായ ജനകീയ ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. എസ്സിഇആർടി തയ്യാറാക്കിയ ‘പാഠ്യപദ്ധതി ചട്ടക്കൂടുകൾ’ കൈപ്പുസ്തകത്തിൽ -ചർച്ചയ്ക്കുള്ള സൂചകങ്ങളാണുള്ളത്. നിലപാട് രേഖയോ, പാഠ്യപദ്ധതി ചട്ടക്കൂടുകളോ തയ്യാറായിട്ടില്ല. കൈപ്പുസ്തകത്തിലെ ഉള്ളടക്കത്തിൽ എല്ലാവിഭാഗങ്ങൾക്കും സ്വതന്ത്ര അഭിപ്രായവും ആശങ്കകളും പങ്കുവയ്ക്കുന്നതിന് സുതാര്യ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽനിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരുകുട്ടിയെയും മാറ്റിനിർത്താൻ പാടില്ലെന്ന ആശയമാണ് ജനകീയ ചർച്ചയ്ക്കായി മുന്നോട്ടുവച്ചത്. ജെൻഡർ സാമൂഹ്യ നിർമ്മിതിയാണെന്നാണ് ചർച്ചാക്കുറിപ്പിൽ പറയുന്നത്. ജെൻഡർ സാമൂഹ്യ നിർമിതിയാണെന്നും സെക്സ് അഥവാ ലിംഗം എന്നത് ജൈവപരമാണെന്നും കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് നൽകിവരുന്ന സവിശേഷ പരിഗണനയും സംരക്ഷണങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങൾവഴി ഇല്ലാതാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
സ്കൂൾ സമയമാറ്റത്തിലെ ചോദ്യം പൊതുസമൂഹത്തിന്റെ അഭിപ്രായം ആരായാനുള്ള ആശയം മാത്രമാണ്. മതനിരപേക്ഷത, ജനാധിപത്യം എന്നിവ പാഠ്യപദ്ധതിയിൽ പുലരണമെന്നതിൽ അഭിപ്രായ വ്യത്യാസങ്ങൾക്കിടയില്ല. മതനിഷേധം സർക്കാർ നിലപാടല്ല. മതപഠനം നഷ്ടപ്പെടുത്തുകയും ഉദ്ദ്യേശിക്കുന്നില്ല. ബഹുസ്വരതയെ, വൈവിധ്യങ്ങളെ, വൈജാത്യങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമായിരിക്കും സർക്കാർ നയമെന്നും നിയമസഭയിൽ എൻ ഷംസുദീന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.