‘നാലോ അഞ്ചോ പേര്ക്ക് പ്രയാസം നേരിട്ടപ്പോള് ഒരു ലക്ഷത്തിലേറെ പേരാണ് നിറഞ്ഞ സന്തോഷത്തോടെ എട്ട് മാസത്തിനുള്ളില് സംരംഭങ്ങള് ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നത് എന്നതാണ് ഇവിടെ നാം ഓര്ക്കേണ്ടത്. ഇതും വലിയ കവറേജിന് അര്ഹതയുള്ളതല്ലേ? ഒറ്റപ്പെട്ട സംഭവങ്ങള് ഇനിയുമുണ്ടായേക്കാം. അവക്ക് പരിഹാരവുമുണ്ടാകും. പക്ഷേ കേരളത്തിന്റ സംരംഭക സൗഹൃദ നിലയല്ലേ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്’- വ്യവസായ മന്ത്രി പി രാജീവ് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
ദാക്ഷായണി ബിസ്കറ്റിന് വേണ്ടി സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള് മോഹന്ലാലിലൂടെ മലയാളിയിലെത്തിച്ച ശ്രീനിവാസന് സിനിമ ഇപ്പോഴും നമ്മുടെ മനസിലുണ്ട്. ഐ.എസ്.ഐ മാര്ക്കുള്ള മീറ്ററിന് ശഠിക്കുന്ന എഞ്ചിനീയറും അനുമതികള്ക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസിലങ്ങനെ വേരോടിക്കിടക്കുന്നു.
ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകള് വഹിച്ച ഉദ്യോഗസ്ഥരൊക്കെ ഉണ്ടായിട്ടുമുണ്ട്. കേരളത്തെക്കുറിച്ച് നിര്മ്മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാല്, ഇന്ത്യയിലെ ആദ്യ ഐ.ടി പാര്ക്ക് തിരുവനന്തപുരത്ത് പ്രവര്ത്തനം തുടങ്ങിയ ശേഷമാണ് ഈയൊരു പ്രമേയത്തോടെ സിനിമ പുറത്തിറങ്ങിയതും ചര്ച്ചയായതും എന്നത് കൗതുകമായി തോന്നുന്നു. നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇത് സംരംഭകരുടെ കാലമാണ്. സംരംഭക വര്ഷം പദ്ധതി അത് തെളിയിച്ചു. സംരംഭം തുടങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് സര്ക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പു വരുത്തുന്ന അനുഭവമാണ് സംരംഭക വര്ഷം പദ്ധതിയില് കണ്ടത്. സംരംഭകര്ക്ക് എല്ലാ സഹായവും നേരിട്ട് നല്കാന് സദാ സന്നദ്ധരായി 1153 ഇന്റേണുകള് തദ്ദേശ സ്ഥാപനങ്ങളില് ഓഫീസ് സമയമോ അവധി ദിവസങ്ങളോ കണക്കാക്കാതെ ഓവര് ടൈം ജോലി ചെയ്തു. വ്യവസായ വകുപ്പിലെ മാത്രമല്ല, എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര് സംരംഭകര്ക്കാവശ്യമായ പിന്തുണയേകി. സാങ്കേതിക വിദ്യയിലും വൈദഗ്ധ്യത്തിലും പിന്തുണയേകുന്നതിനായി എം.എസ്.എം. ഇ ക്ളിനിക്കുകള് ഓരോ ജില്ലയിലും പ്രവര്ത്തനക്ഷമമായി. നാല് ശതമാനം പലിശക്ക് വായ്പാ സൗകര്യമൊരുക്കി ബാങ്കുകള് മുന്നോട്ട് വന്നു.
ഇങ്ങനെ, സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായി മാറുന്ന ഒരു കാഴ്ചയാണ് ഈ പദ്ധതിയിലൂടെ നാം കണ്ടത്. അങ്ങനെയാണ് എട്ടു മാസത്തിനുള്ളില് ഒരു ലക്ഷം സംരംഭങ്ങള് കേരളത്തില് ഉയര്ന്നുവന്നത്. നമ്മുടെ നാട്ടിലെ സാധാരണക്കാരും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും, വീട്ടമ്മമാരും, മടങ്ങിയെത്തിയ പ്രവാസി കളും വനിതകളുമാണ് ഇങ്ങനെ സംരംഭകരായി മാറിയത്. കേരളത്തില് നിന്നു തന്നെയാണ് 6337 കോടി രൂപ നിക്ഷേപമായി സമാഹരിച്ചത്. 2.25 ലക്ഷം പേര്ക്ക് പുതുതായി തൊഴില് നല്കിയത്. പുതിയ സംരംഭകരില് 32000 ലേറെ പേര് വനിതകളാണ് എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. സംരംഭക വര്ഷത്തിന്റെ വിജയം ഒട്ടേറെ പേര്ക്ക് ആത്മവിശ്വാസം പകരുമെന്നതില് സംശയമില്ല. ഇനിയും പുതിയ സംരംഭകരുണ്ടാകും. സേതുമാധവന്മാര് പഴങ്കഥയാകും. സംരംഭം തുടങ്ങുന്നതില് പ്രയാസം നേരിട്ട നാലഞ്ച് പേരുടെ പ്രശ്നങ്ങള് ഇതിനിടയില് വലിയ കവറേജോടെ മാധ്യമങ്ങള് ഉയര്ത്തിക്കൊണ്ട് വന്നിരുന്നു. ഈ ഓരോ പ്രശ്നത്തിലും മന്ത്രി എന്ന നിലയില് നേരിട്ട് ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില് പെട്ട തകഴി വില്ലേജ്മാളിന്റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം പോയിരുന്നു.
ഇവിടെ നാം ഓര്ക്കേണ്ടത്, നാലോ അഞ്ചോ പേര്ക്ക് പ്രയാസം നേരിട്ടപ്പോള് ഒരു ലക്ഷത്തിലേറെ പേരാണ് നിറഞ്ഞ സന്തോഷത്തോടെ എട്ട് മാസത്തിനുള്ളില് സംരംഭങ്ങള് ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നത്. ഇതും വലിയ കവറേജിന് അര്ഹതയുള്ളതല്ലേ? ഒറ്റപ്പെട്ട സംഭവങ്ങള് ഇനിയുമുണ്ടായേക്കാം. അവക്ക് പരിഹാരവുമുണ്ടാകും. പക്ഷേ കേരളത്തിന്റ സംരംഭക സൗഹൃദ നിലയല്ലേ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്.കേരളം ഒറ്റക്കെട്ടായാണ് ഈ മുന്നേറ്റം കൈവരിച്ചത്. എല്ലാ എം.എല് എ മാരും തദ്ദേശ സ്ഥാപനങ്ങളും വ്യവസായ രംഗത്തെ സംഘടനകളും തൊഴിലാളി സംഘടനകളും തുടങ്ങി എല്ലാവരും ഈ ചരിത്ര ദൗത്യത്തില് പങ്കാളികളായി. പഴയ പൊതുബോധത്തില് ഇനിയും നാടിനെ കൊളുത്തിയിടാന് ആവില്ല. സംരംഭക വര്ഷത്തിന്റെ അടുത്ത പടികളിലേക്ക് ചുവടു വെക്കാന് ഒരുങ്ങുകയാണ് കേരളം.