ശബരിമല> ശബരിമലയിൽ രാവിലെ മുതൽ കനത്ത മഴ തുടരുന്നു. ഇതോടെ ശരണപാതയിൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ടേറി.
മലകയറ്റവും ഇറക്കവും ദുഷ്കരമായി. ദർശനത്തിന് ഒരു ലക്ഷത്തിന് മുകളിൽ ഭക്തരാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്കിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് കനത്ത മഴ.സന്നിധാനത്തും പമ്പയിലും വലിയ തിരക്കാണുള്ളത്. ഘട്ടം ഘട്ടമായാണ് പമ്പയിൽനിന്ന് ഭക്തരെ കടത്തി വിടുന്നത്.
അതേസമയം തീർഥാടകർ വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം ഒരുമണിക്കൂർ കൂടി നീട്ടി. പകൽ ഒന്നിന് നടയടയ്ക്കുന്നത് ഒന്നരക്കും രാത്രി 11ന് നടയടയ്ക്കുന്നത് 11.30നുമാക്കി. കൂടുതൽ തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ മാത്രമാകും ക്രമീകരണം.