മാനന്തവാടി
മുസ്ലിംലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുകയല്ല, അവരുടെ മതനിരപേക്ഷ നിലപാടുകളെയാണ് സ്വാഗതംചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ സമീപനവും നയവുമില്ലാതെ ആരെയും എൽഡിഎഫിൽ എടുക്കാറില്ല. ഇത് മുസ്ലിം ലീഗിന്റെ കാര്യത്തിലും ബാധകമാണ്. അത്തരം നിലപാടുകളിലേക്ക് എത്തുമ്പോൾമാത്രമേ അത് ആലോചിക്കേണ്ടതുള്ളൂവെന്നും എൻജിഒ യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു.
ലീഗിന്റെ മതനിരപേക്ഷ നിലപാടുകളെ സ്വാഗതംചെയ്താണ് ഇപ്പോൾ ചർച്ച. അതിനെ പോസിറ്റീവായിട്ടാണ് കാണുന്നത്. ആരോഗ്യകരമായ രാഷ്ട്രീയ ചർച്ച നല്ലതാണ്. വർഗീയതക്കെതിരെ അതിവിപുല മുന്നണി കെട്ടിപ്പടുക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. അത് രാഷ്ട്രീയ കൂട്ടുകെട്ടോ രാഷ്ട്രീയ പ്രസ്ഥാനമോ മാത്രമാകില്ല.
വളരെ അപകടകരമാണ് ഇന്ത്യയുടെ ഭാവി. 2024ൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കും. ആർഎസ്എസ് രൂപീകരിച്ചതിന്റെ നൂറാം വാർഷികമാണ് 2025. ഹിന്ദുക്കളുടെ രാഷ്ട്രമല്ല, കോർപറേറ്റുകളുടെ രാഷ്ട്രമായ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വളമൊരുക്കലാണ് ഏക സിവിൽകോഡ്. ഇത് ചെറുക്കാനുള്ള വഴി അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഇതര സർക്കാരിനെ അധികാരത്തിലേറ്റുകയെന്നതാണ്. ഇതിന് ദേശീയാടിസ്ഥാനത്തിൽ മുന്നണിയൊന്നും ഉണ്ടാകില്ല. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി എടുത്ത് ബിജെപിയെ തോൽപ്പിക്കുകയാണുവേണ്ടത്. അടിയന്തരാവസ്ഥ കാലത്തുപോലും ഭരണഘടനാ സ്ഥാപനങ്ങൾ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു. ഇപ്പോഴതില്ല. അർധസൈന്യത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.