തൃശൂർ
ചോരകിനിയുന്ന പോരാട്ടങ്ങളുടെ ചരിത്രഭൂമിയിൽ ഇന്ന് ചെമ്പതാക ഉയരും. സ്വാതന്ത്ര്യസമരഗാഥകൾ മുഴങ്ങിയ തേക്കിൻക്കാട് മൈതാനിയിലെ പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ വൈകീട്ട് ദീപശിഖ തെളിയിക്കും. കിസാൻസഭ 35–-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇതോടെ തുടക്കമാവും. 380 ദിവസം നീണ്ട മഹാകർഷകപ്രക്ഷോഭത്തിന്റെ വിജയവും സമരഭൂമിയിൽ ജീവൻനഷ്ടപ്പെട്ട 700ൽപ്പരം പോരാളികളുടെ സ്മരണകളും സമ്മേളനത്തിന് ഊർജം പകരും. തെലങ്കാന, കീഴ്വെൺമണി എന്നിവിടങ്ങളിൽ നിന്ന് ഡോ. വിജുകൃഷ്ണൻ, പി കൃഷ്ണപ്രസാദ് , എം പ്രകാശൻ, എസ് കെ പ്രീജ എന്നിവർ നേതൃത്വം നൽകിയ ദീപശിഖ റിലേയ്ക്ക് തിങ്കൾ രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ സ്വീകരണം നൽകും.
പുന്നപ്ര വയലാറിൽനിന്ന് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു മാനേജരുമായ പതാക ജാഥക്ക് രാവിലെ ജില്ലാ അതിർത്തിയായ കൊരട്ടി പൊങ്ങത്ത് സ്വീകരണം നൽകും. കയ്യൂരിൽനിന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ക്യാപ്റ്റനും ജോയിന്റ് സെക്രട്ടറി വി എം ഷൗക്കത്ത് മാനേജരുമായ കൊടിമര ജാഥ രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ കടവല്ലൂരിൽ സ്വീകരണം നൽകും. മൂന്നു ജാഥകളും അത്ലീറ്റുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ പ്രയാണം തുടരും. വഴിനീളെ സ്വീകരണങ്ങളുണ്ടാവും. വൈകിട്ട് നാലിന് തൃശൂർ ശക്തൻ നഗറിൽ സംഗമിക്കും.
വാദ്യങ്ങളുടെ അകമ്പടിയോടെ പൊതു സമ്മേളനനഗരിയിലേക്ക് എത്തിച്ചേരും. സംഘാടകസമിതി ചെയർമാനും മന്ത്രിയുമായ കെ രാധാകൃഷ്ണൻ പതാക ഉയർത്തും. കിസാൻ സഭ അഖിലേന്ത്യ ജോ. സെക്രട്ടറി ഇ പി ജയരാജൻ ദീപശിഖ തെളിയിക്കും.
നാലുദിവസത്തെ പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച കെ വരദരാജൻ നഗറിൽ (പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്റർ) കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള ഉദ്ഘാടനം ചെയ്യും. വിദേശ സൗഹാർദ പ്രതിനിധികളുൾപ്പടെ 803 പ്രതിനിധികൾ പങ്കെടുക്കും. 16ന് വൈകിട്ട് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്ളെ, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രതിനിധികൾ
എത്തിത്തുടങ്ങി
സാംസ്കാരിക തലസ്ഥാന നഗരിയിൽ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന കിസാൻസഭാ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള പ്രതിനിധികൾ എത്തിത്തുടങ്ങി. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള വിമാനമാർഗം ഞായറാഴ്ച രാത്രി എട്ടിന് കോഴിക്കോട് എത്തി. അവിടെനിന്ന് കാർമാർഗം തൃശൂരിൽ എത്തും. കിസാൻ സഭ സഹഭാരവാഹി തമിഴ്നാട്ടിൽനിന്നുള്ള ബാലകൃഷ്ണൻ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും തൃശൂരിൽ എത്തി. കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗങ്ങളായ ഉത്തർപ്രദേശിൽനിന്നുള്ള മുകട്സിങ്, ഭരത്സിങ് ആസാമിൽനിന്നുള്ള പിക്കൻദാസ് എന്നിവരും എത്തി. ബീഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളിൽ ആദ്യസംഘം ശനിയാഴ്ചതന്നെ എത്തിയിരുന്നു.