പാലക്കാട്> സ്കൂൾ വിദ്യാർഥിനികളെ കാറിൽ കയറ്റി വാഴാനി ഡാമിലേക്ക് കൊണ്ടുപോയ സംഭവത്തിൽ ഒറ്റപ്പാലം നഗരസഭ ബിജെപി അംഗത്തിന്റെ മകനടക്കം രണ്ടുപേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കര കളരിക്കൽ കെ എസ് ഷൈൻ (20), ഈസ്റ്റ് ഒറ്റപ്പാലം കല്ലുവെട്ടുകുഴിയിൽ ഫഹദ് (19) എന്നിവരെയാണ് പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്തത്.
രണ്ട് വിദ്യാർഥിനികളെയാണ് വാടകക്കെടുത്ത കാറിൽ കൊണ്ടുപോയത്. ഇവർ സ്കൂളിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കുട്ടികളെ ഡാമിലേക്ക് കൊണ്ടുപോയത് മനസിലായത്. രക്ഷിതാക്കളുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുക്കുകയായിരുന്നു. ഒറ്റപ്പാലം അഞ്ചാം വാർഡ് (മയിലുംപുറം) കൗൺസിലർ ഷെറിഫയുടെയും മുൻ കൗൺസിലർ കെ ബി ശശികുമാറിന്റെയും മകനാണ് കെ എസ് ഷൈൻ.