പരവൂർ> പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ആർഎസ്എസ് നേതാവിന്റെ വീട്ടിൽ- ബിജെപി പ്രവർത്തകയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആർഎസ്എസ് ശാരീരിക് പ്രമുഖും പൂതക്കുളം നിധി ബാങ്ക് ഭരണസമിതി അംഗവുമായ പൂതക്കുളം ചെക്കന്റഴികം അനൂപിന്റെ വീട്ടിലാണ് ശനി ഉച്ചയോടെ കലയ്ക്കോട് സ്വദേശിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശനി രാവിലെ പത്തിനാണ് യുവതി അനൂപിന്റെ വീട്ടിലെത്തിയത്. തന്റെ കൈയിൽനിന്ന് വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അനൂപ് നൽകാൻ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അനൂപ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയുംചെയ്തു. പിന്നീടാണ് യുവതിയെ അനൂപിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവസമയം അനൂപിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നു. യുവതിയെ കാണാതായതോടെ മുറിയിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ജനൽവഴി നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന്, പ്രദേശവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ച് യുവതിയെ രക്ഷപ്പെടുത്തി. ഇവർ കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.