കൊൽക്കത്ത> നീറ്റ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി എംയിസിൽ പ്രവേശനം നേടിയതിന്റെ സന്തോഷത്തിലാണ് സരസ്വതി രജക്. ട്യൂട്ടർമാരുടെ സഹായമില്ലാതെ സംവരണ വിഭാഗത്തിൽ 100 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനത്തോടെയാണ് എംയിംസ് പ്രവേശനം. പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്വദേശിയായ സരസ്വതി വെള്ളിയാഴ്ചയാണ് ഡൽഹിയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടിയത്. ഉപജീവനത്തിന് വേണ്ടി ഗ്യാസ് ഓവനുകൾ നന്നാക്കുന്ന സിപിഐ എം പ്രവർത്തകൻ നിതായ് രാജക്കിന്റെ മകളുടെ മിന്നും വിജയം ഏവർക്കും പ്രചോദനമാണ്.
നാട് മുഴുവൻ നടന്ന് ഓവനുകൾ നന്നാക്കി നൽകിയാൽ ദിവസം 300 രൂപയ്ക്ക് അടുത്തുമാത്രമാണ് നിതായ് രാജക്കിന് വരുമാനമായി ലഭിക്കുക. ഈ വരുമാനമാണ് സരസ്വതിയും സഹോദരൻ മിഥുനും അമ്മ മീനയും അടങ്ങിയ നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം. ഇതോടെയാണ് ട്യൂട്ടർമാരില്ലാതെ തന്നെ തന്റെ സ്വപ്നത്തിലേക്ക് നടന്നുകയാറാൻ സരസ്വതി തീരുമാനിച്ചത്.
സാമ്പത്തിക പരാധീനതകൾക്കിടയിലും ഡോക്ടറാകണമെന്നതായിരുന്നു സരസ്വതിയുടെ കുട്ടികാലം മുതലേയുള്ള ആഗ്രഹം. തന്റെ ആഗ്രഹത്തിലേക്കുള്ള വഴികൾ കഠിനമാണെങ്കിലും ആഗ്രഹം ഒരിക്കലും ഉപേക്ഷിച്ചില്ലെന്ന് സരസ്വതി പറയുന്നു. 2021ലെ നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സരസ്വതിക്ക് കഴിഞ്ഞിരുന്നു. റാങ്ക് പ്രകാരം ചത്തീസ്ഗഡിലെ റായ്പൂരിലുള്ള സ്വകാര്യ കോളേജിൽ പ്രവേശനത്തിനുള്ള യോഗ്യതയും ലഭിച്ചു. എന്നാൽ പ്രവേശന ഫീസായ 12 ലക്ഷം രൂപ മാതാപിതാക്കൾക്ക് താങ്ങാൻ കഴിയില്ലെന്ന് കണ്ട് അതു ഉപേക്ഷിക്കുകയായിരുന്നു.
നല്ല മാർക്ക് നേടിയാൽ മാത്രമേ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന് മനസിലാക്കിയ സരസ്വതി കൂടുതൽ നന്നായി പഠിച്ച് അടുത്ത പരീക്ഷയ്ക്കായി തയ്യാറെടുത്തു. പഠനത്തിനാവശ്യമായ പുസ്തകങ്ങളുടെ വില പിതാവിന് താങ്ങാൻ കഴിയില്ലെന്ന് മനസിലാക്കി ഇന്റർനെറ്റിലും ഓൺലൈൻ കോച്ചിങിന്റെയും സഹോയത്തോടെ പഠനം തുടരുകയായിരുന്നെന്നും സരസ്വതി പറയുന്നു.
2017ൽ പ്ലസ്ടു പാസായ ശേഷം റാണിഗഞ്ചിലെ ടിഡിബി കോളേജിൽ നിന്ന് ബിദുരം കസ്ഥമാക്കി. പഠനത്തിനിടയിലും സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങലിലും സരസ്വതി ഇടപ്പെട്ടു. ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങളിലും യുവജന പ്രസ്ഥാനത്തിന്റെ കീഴിൽ നിരാലംബരായ വിദ്യാർത്ഥികൾക്കായി നടത്തിയ പഠന ക്യാമ്പുകളിലും സജീവമായി.
ഡോക്ടറാകാനുള്ള മകളുടെ കഠിനപരിശ്രമങ്ങൾ തനിക്ക് വേദനയുണ്ടാക്കിയെന്നും അവളെ ട്യൂഷന് വിടാനും പുസ്തകങ്ങൾ വാങ്ങി നൽകാനും തനിക്കായില്ലെന്നും അച്ഛൻ നിതായി പറഞ്ഞു. അഡ്മിഷൻ ലഭിച്ചെങ്കിലും മകളുടെ ഹോസ്റ്റൽ ഫീലും മറ്റ് ചെലവുകൾക്കുമായി എല്ലാവർഷവും ആവശ്യമായി വരുന്ന 80,000 രൂപ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ പിതാവ്.
അതേസമയം സരസ്വതിയുടെ പഠനത്തിനാവശ്യമായ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി സിപിഐ എം നേതാവ് പങ്കജ് റോയ് സർക്കാർ പറഞ്ഞു. സരസ്വതിക്ക് തടസമില്ലാതെ പഠിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.