തിരുവനന്തപുരം
യുദ്ധഭീകരതയുടെയും അതിജീവനത്തിന്റെയും ലോകസിനിമാ കാഴ്ചയുമായി 27–-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ഇറാനിയൻ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന സംവിധായിക മഹനാസ് മുഹമ്മദിക്കുള്ള “സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം മുഖ്യമന്ത്രി വിതരണം ചെയ്തു. യാത്രാനിയന്ത്രണങ്ങൾ കാരണം മഹ്നാസിന് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി പുരസ്കാരം ഏറ്റുവാങ്ങി. സാംസ്കാരികമന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.
ഫെസ്റ്റിവൽ ബുക്ക് മന്ത്രി ആന്റണി രാജുവിന് നൽകി മന്ത്രി വി ശിവൻകുട്ടിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ മേയർ ആര്യ രാജേന്ദ്രന് നൽകി മന്ത്രി ജി ആർ അനിലും ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുണിന് നൽകി വി കെ പ്രശാന്ത് എംഎൽഎയും പ്രകാശിപ്പിച്ചു.
16 വരെ നടക്കുന്ന മേളയിൽ 70 രാജ്യത്തുനിന്നുള്ള 186 സിനിമയാണ് പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14ഉം മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12ഉം ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴും സിനിമ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമ പ്രദർശിപ്പിക്കും. 14 തിയറ്ററിലായാണ് മേള നടക്കുന്നത്. ഉദ്ഘാടനശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീതക്കച്ചേരി അരങ്ങേറി. തുടർന്ന് ഉദ്ഘാടന ചിത്രമായ ടോറി ആൻഡ് ലോകിത പ്രദർശിപ്പിച്ചു. അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ, ജൂറി ചെയർമാനും ജർമൻ സംവിധായികയുമായ വീറ്റ് ഹെൽമർ തുടങ്ങിയവർ പങ്കെടുത്തു.