കൊച്ചി
‘ഞാൻ ഈ കമ്പനി വഴി ക്രിപ്റ്റോകറൻസിയിൽ പണം നിക്ഷേപിച്ചു. മൂന്നിരട്ടി ലാഭം കിട്ടി. കൂടുതലറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ’. സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന ഇത്തരം വീഡിയോകളിലുള്ള പലരും അവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടവരാണ്. ഇങ്ങനെ ലക്ഷങ്ങൾ തട്ടുന്ന സംഘം കേരളത്തിലും പിടിമുറുക്കിയെന്ന് എറണാകുളത്തെ സൈബർ സുരക്ഷാ ഫൗണ്ടേഷൻ സ്ഥാപകൻ ജിയാസ് ജമാൽ പറയുന്നു.
നൂറുകണക്കിന് പരാതി ഫൗണ്ടേഷന് ദിവസവും ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലാണ് തട്ടിപ്പ് കൂടുതൽ. ഫോളോവേഴ്സിന്റെ എണ്ണം കൃതൃമമായി ചേർത്ത വ്യാജ അക്കൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ക്രിപ്റ്റോകറൻസിയെക്കുറിച്ചുള്ള ചിത്രവും വിവരവും ഈ അക്കൗണ്ടിൽ നൽകും. ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്വീകരിച്ചാൽ ക്രിപ്റ്റോകറൻസിയിൽ വിദഗ്ധനാണ് താനെന്ന് വ്യാജൻ ബോധ്യപ്പെടുത്തും. ചെറിയ തുക വാങ്ങിച്ചശേഷം കൂടുതൽ അറിയാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടും. ക്ലിക്ക് ചെയ്താൽ അക്കൗണ്ട് ഹാക്കായി തട്ടിപ്പുസംഘത്തിന്റെ നിയന്ത്രണത്തിലാകും.
അവർ പറയുന്ന കമ്പനിയിലൂടെ ക്രിപ്റ്റോകറൻസി വ്യാപാരം വഴി ലാഭമുണ്ടായെന്നു പറയുന്ന വീഡിയോ അയച്ചുതരാൻ ഭീഷണിപ്പെടുത്തും. എങ്കിൽ അക്കൗണ്ട് തിരികെ നൽകാമെന്നും പറയും. അയച്ചുകൊടുത്താലും അക്കൗണ്ട് തിരികെ നൽകില്ല. നിങ്ങളുടെ വീഡിയോ മറ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് കൂടുതൽപേരെ ചതിയിൽ വീഴ്ത്തും. ഹാക്ക് ചെയ്ത അക്കൗണ്ടിലെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും നിങ്ങളാണെന്ന വ്യാജേന സന്ദേശവും ലിങ്കും അയക്കും. കെണിയിൽ വീഴുന്നവരെക്കൊണ്ട് വീഡിയോകൾ നിർമിച്ച് തട്ടിപ്പ് തുടരും.
എന്താണ്
ക്രിപ്റ്റോകറൻസി
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി വിനിമയം ചെയ്യുന്ന ഡിജിറ്റൽ കറൻസിയാണ് ക്രിപ്റ്റോ. ഡോളറും രൂപയും പോലെ ക്രിപ്റ്റോകറൻസിയും അന്താരാഷ്ട്രവിപണിയിൽ കംപ്യൂട്ടർ ശൃംഖലയിലൂടെ കൈമാറ്റം ചെയ്യുന്നു. എന്നാൽ, കേന്ദ്രീകൃത വിതരണകേന്ദ്രമോ നിയന്ത്രണ അതോറിറ്റിയോ ഇതിനില്ല. ഈ സാധ്യത ഉപയോഗിച്ചാണ് തട്ടിപ്പുസംഘങ്ങൾ കെണിയൊരുക്കുന്നത്.