തിരുവനന്തപുരം
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 10 കോടി രൂപയിൽ എത്തിക്കാനാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. അധിക സർവീസ് നടത്തി ആദ്യഘട്ടത്തിൽ എട്ടു കോടിയായും തുടർന്ന് 10 കോടിയായും വർധിപ്പിക്കും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് 75 ഇന്ധന ചില്ലറ വിൽപ്പനശാല തുടങ്ങും. നിലവിൽ 12 എണ്ണം തുറന്നു. ചെലവ് കുറച്ച് കാര്യക്ഷമമായി ഓപ്പറേറ്റ് ചെയ്തതിന്റെ ഭാഗമായി സെപ്തംബർ 12ന് വരുമാനത്തിൽ ചരിത്രനേട്ടം കൈവരിച്ചിരുന്നു. 3941 ബസ് ഉപയോഗിച്ച് 8.41 കോടിയായിരുന്നു അന്ന് വരുമാനം.
2021–-22ൽ 2037.51 കോടി രൂപയും പദ്ധതി വിഹിതമായി 87.21 കോടിയും കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ചു. ഈ സാമ്പത്തികവർഷം ഇതുവരെ 1069 കോടിയും പദ്ധതി വിഹിതമായി 5.60 കോടിയും ചെലവഴിച്ചു. കെഎസ്ആർടിസി സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായാണ് സ്വിഫ്റ്റ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.