കൊച്ചി
കുസാറ്റ് പ്രൊഫസർ നിയമനത്തിന് ഇന്റർവ്യൂവിൽ പരമാവധി മാർക്ക് ഡോ. കെ ഉഷയ്ക്ക് നൽകിയെന്ന് വരുത്താൻ മാധ്യമങ്ങൾ പറയുന്നത് ബാധകമല്ലാത്ത മാനദണ്ഡവും ഇല്ലാത്ത കീഴ്വഴക്കവും. യുജിസി മാർഗനിർദേശങ്ങൾ അനുസരിച്ചാണ് കുസാറ്റിൽ അധ്യാപകനിയമനമെന്ന് അറിയാതെയല്ല സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പേരിൽ ആരോപണം. പിഎസ്സി അഭിമുഖങ്ങൾക്ക് 20ൽ പരമാവധി 14 മാർക്കേ നൽകാറുള്ളൂ എന്നും ഇതാണ് സർവകലാശാലകളും പിന്തുടരാറുള്ളത് എന്നും പറയുന്നതിന് ന്യായീകരണമില്ല.
എംജി യൂണിവേഴ്സിറ്റി പിവിസി ഡോ. സി ടി അരവിന്ദകുമാർ ഭാര്യക്ക് നൽകിയ അധ്യാപനപരിചയ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് കുസാറ്റിൽ നിയമനം നൽകിയതെന്നതും പച്ചക്കള്ളം. അരവിന്ദകുമാർ എംജി സ്കൂൾ ഓഫ് എൻവിറോണ്മെന്റൽ സയൻസസ് മേധാവിയായിരിക്കെ ഡോ. ഉഷ ആ വകുപ്പിൽ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. അന്നദ്ദേഹം പ്രൊ വിസി അല്ല.
ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകളിലെ ഗവേഷകർക്ക് ഗൈഡ്ഷിപ് കൊടുക്കാനുള്ള നിയമാവലിപ്രകാരം 2012ലാണ് എംജി സർവകലാശാല സിൻഡിക്കറ്റ് ഡോ. ഉഷയ്ക്ക് ഗൈഡ്ഷിപ് നൽകുന്നത്. വർഷങ്ങൾ കഴിഞ്ഞുണ്ടാകുന്ന കുസാറ്റ് പ്രൊഫസർ നിയമനം മുന്നിൽക്കണ്ടല്ല ഇതെന്ന് വ്യക്തം. 2015ൽ ഡോ. ഉഷ കൊച്ചി സർവകലാശാലയിലേക്ക് അപേക്ഷിച്ച പ്രൊഫസർ തസ്തികയുടെ ഇന്റർവ്യൂ ആണ് 2019ൽ നടന്നത്. അന്ന് 2010ലെ യുജിസി റഗുലേഷൻപ്രകാരം പ്രൊഫസർ പോസ്റ്റിലേക്കുള്ള യോഗ്യത 10 വർഷത്തെ ബിരുദാനന്തരബിരുദ അധ്യാപനം അല്ലെങ്കിൽ തത്തുല്യമായ ഗവേഷണപരിചയമാണ്.
1996ൽ ഡോക്ടറേറ്റ് നേടിയ ഡോ. ഉഷയ്ക്ക് 2015ൽ അപേക്ഷ നൽകുമ്പോൾത്തന്നെ 15 വർഷത്തിലധികം ഗവേഷണപരിചയമുണ്ട്. രാജ്യത്തെ പ്രഗല്ഭ അക്കാദമിക് സ്ഥാപനങ്ങളായ ജവാഹർലാൽ നെഹ്റു സർവകലാശാല, ഐഐടി മദ്രാസ്, പോണ്ടിച്ചേരി സർവകലാശാല, അണ്ണാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രഗല്ഭർ അടങ്ങുന്ന പാനലാണ് ഇന്റർവ്യൂവിൽ മാർക്കിട്ടതെന്ന വസ്തുതയും മാധ്യമങ്ങൾ മറച്ചുവയ്ക്കുന്നു.
ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം:
കുസാറ്റ് ടീച്ചേഴ്സ് അസോസിയേഷൻ
സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലാണെന്ന് വരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കുസാറ്റിൽ മൂന്നുവർഷംമുമ്പ് നടന്ന നിയമനത്തെക്കുറിച്ചുള്ള വസ്തുതാവിരുദ്ധ ആരോപണങ്ങളെന്ന് കുസാറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (സിയുടിഎ) പ്രസ്താവനയിൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് സമഗ്രമാറ്റത്തിലൂടെ വൈജ്ഞാനികസമൂഹം കെട്ടിപ്പടുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോഴാണിത്.
തൊണ്ണൂറ്റഞ്ചിലധികം ആധികാരിക പ്രസിദ്ധീകരണങ്ങളും ഗവേഷണപ്രബന്ധങ്ങളുടെ നിലവാരസൂചികകളിലൊന്നായ എച്ച് ഇൻഡക്സ് 24ഉം ഉള്ള ഡോ. കെ ഉഷ, കേന്ദ്ര–-കേരള സർക്കാർ ഏജൻസികളുടെ ഗവേഷണ പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ–-അന്തർദേശീയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി ആറ് പ്രോജക്ടുകൾ
ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ബെൽജിയം, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിരവധി വർഷം ഗവേഷണപരിചയമുണ്ട്.
പരിസ്ഥിതിപഠനവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഇത്രയും പരിചയവും ഇന്ത്യക്ക് പുറത്ത് സർവകലാശാലകളിൽ പരിചയവുമുള്ള ഒരാൾ ഇന്റർവ്യൂ ലിസ്റ്റിൽ വേറെ ഇല്ല. വിവാഹം കഴിച്ചാൽ ഭർത്താവുമായി ചേർന്ന് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നതരത്തിൽ 21–-ാംനൂറ്റാണ്ടിലും ചില മാധ്യമങ്ങൾ സ്ത്രീവിരുദ്ധത ഉയർത്തുന്നത് അത്ഭുതമാണെന്നും- അസോസിയേഷൻ സെക്രട്ടറി ഡോ. ആൽഡ്രിൻ ആന്റണി പ്രസ്താവനയിൽ പറഞ്ഞു.