തിരുവനന്തപുരം > ഇറാൻ ഭരണകൂടത്തിന്റെ യാത്രാവിലക്കിനെതിരെ മുടിമുറിച്ച് നൽകി സംവിധായിക മഹ്നാസ് മുഹമ്മദി. സ്പിരിറ്റ് ഓഫ് സിനിമാപുരസ്കാരം ഏറ്റുവാങ്ങാൻ വെള്ളിയാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ എത്തേണ്ടതായിരുന്നു അവർ. ഇംഗ്ലണ്ടിൽ എത്തിയെങ്കിലും ഇറാൻ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ മഹ്നാസിന് ഇന്ത്യയിലേക്ക് വരാനായില്ല.
ഒടുവിൽ ഐഎഫ്എഫ്കെയിൽ ജൂറി അംഗവും ഗ്രീക്ക്സംവിധായികയുമായ അതീന റേച്ചൽ സംഗാരിയെ പുരസ്കാരം വാങ്ങാൻ അവർ ചുതലപ്പെടുത്തി. മുറിച്ച മുടിയും എഴുത്തും നൽകി.കുറിപ്പിൽ മഹ്നാസ് ഇങ്ങനെ എഴുതി: ‘‘മുറിക്കപ്പെട്ട ഈ മുടി എന്റെ വേദനയുടെ, ഞാൻ അനുഭവിച്ച പീഡനങ്ങളുടെ പ്രതീകമാണ്. ഉയിർത്തെഴുന്നേൽക്കുക, മുന്നോട്ടുനീങ്ങുക. രാജ്യത്ത് ഒരുപാട് ചെറുപ്പക്കാർ കൊല്ലപ്പെടുന്നു. അനീതിയ്ക്ക് എതിരെ പ്രതികരിച്ച 23 വയസുകാരൻ മൊഹ്സിൻ ഷെകാരിയെ വധശിക്ഷയ്ക്ക് വിധിച്ചു. അതുപോലെ ഒരുപാടുപേർ… ഈ ദിവസം നാമെല്ലാവരും ഒരുമിച്ച് നീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്നതിനാലാണ് ഞാനിത് അയക്കുന്നത്…സ്ത്രീ ജീവിതം സ്വാതന്ത്ര്യം..’’
വേദിയിൽ കുറിപ്പ് വായിച്ച അതീന , സ്ത്രീ , ജീവിതം സ്വാതന്ത്ര്യം..’ എന്ന മുദ്രാവാക്യം ഉദ്ഘാടനചടങ്ങിനെത്തിയ ആയിരക്കണക്കിന് ഡെലിഗേറ്റുകളോട് ഏറ്റുപറയാൻ അവർ ആവശ്യപ്പെട്ടു. സദസ്സ് മൂന്നുവട്ടം മുദ്രാവാക്യം ഏറ്റുപറഞ്ഞു.
തലമറയ്ക്കാത്തതിന്റെ പേരിൽ മതകാര്യ പൊലീസ് കസ്റ്റഡിയിലെയടുത്ത മഹ്സ അമിനി (22) എന്ന യുവതി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞമാസം ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു . ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സര വേളയിൽ ദേശീയഗാനം ആലപിച്ചപ്പോൾ ഇറാൻ ടീം നിശബ്ദത പാലിച്ച് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സ്ത്രീ ജീവിതം സ്വാതന്ത്ര്യം മുദ്രാവാക്യം ഉയർത്തി നിരവധി പേർ മുടിമുറിച്ച് പ്രതിഷേധിച്ചിരുന്നു.