തിരുവനന്തപുരം> കേരളത്തില് ലഹരി ഉപയോഗം കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന് ചില കേന്ദ്രങ്ങള് ശ്രമിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ലഹരി ഉപയോഗം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില് കൊണ്ടുവന്ന അടിയന്തര പ്രമേയനോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അടിയന്തര പ്രമേയത്തില് സൂചിപ്പിച്ച കാര്യങ്ങള് ഗൗരവമുള്ളതാണ്. അതിൽ തർക്കമില്ല. എന്നാൽ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന് പറയുന്നത് ശരിയല്ല. ലഹരി വിപത്തിനെതിരെ സർക്കാർ എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്.ലഹരിക്കെതിരെ ക്യാമ്പെയിന് നടത്തുന്നത് കൊണ്ട് ലഹിരയുപയോഗം കേരളത്തിലാണ് കൂടുതലെന്ന് പറയരുത് . മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗം കേരളത്തിലാണ് കൂടുതലെന്ന പ്രതീതി സൃഷ്ടിക്കാന് ചില കേന്ദ്രങ്ങള് പ്രചരണം നടത്തുന്നു. 263 വിദ്യാലയ പരിസരങ്ങളില് ലഹരി വില്പ്പന ശ്രദ്ധയില്പ്പെട്ടു. ഉദ്യോഗസ്ഥ പരിശോധന ശക്തമാക്കി. പൊലീസ് രജിസ്റ്റര് ചെയ്ത 24563 ലഹരിമരുന്ന് കേസുകളില് 27,088 പേരെ അറസ്റ്റ് ചെയ്തതായും അഴിയൂര് കേസില് അന്വേഷണം നടക്കുകയാണെന്നും മന്ത്രി സഭയില് പറഞ്ഞു. മാത്യു കുഴല്നാടനാണ് അടിയന്തരപ്രമേയ നോട്ടീസ് നല്കിയത്.