തിരുവനന്തപുരം
സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 2000 ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടിക് യൂണിറ്റുകളിലൂടെ പുത്തൻ സാങ്കേതികമേഖലകളിൽ പ്രായോഗിക പരിശീലനത്തിന് വിദ്യാർഥികൾക്ക് അവസരം ലഭിക്കും. അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഇവർ 60,000 കുട്ടികളെ നേരിട്ടു പരിശീലിപ്പിക്കും. ഈ കുട്ടികൾ മറ്റു കുട്ടികളെ പരിശീലിപ്പിക്കും. ആകെ 12 ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം ലഭിക്കും.
കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ് മിഷന്റെയും നേതൃത്വത്തിൽ വിപുലമായ പദ്ധതികളാണ് നടപ്പാക്കുക. ബൃഹത്തായ സ്റ്റാർട്ടപ് പ്രോത്സാഹന നയവും ആവിഷ്കരിച്ചു. അപകടകരമായ ജോലികളിൽനിന്ന് തൊഴിലാളികളെ ഒഴിവാക്കി റോബോട്ടിക്സ് സാങ്കേതികവിദ്യ കൊണ്ടുവരാൻ ലോകമാകെ ഗവേഷണം നടക്കുകയാണ്. കേരളത്തിലെ ഒരുകൂട്ടം വിദ്യാർഥികൾ മാൻഹോൾ വൃത്തിയാക്കാനുള്ള സംവിധാനം നിർമിച്ചു. ഇന്ന് വിവിധ രാജ്യങ്ങൾ ആ സാങ്കേതികവിദ്യ സ്വീകരിച്ചു. വിദ്യാർഥികൾക്കിടയിൽ നൂതന ആശയ സംസ്കാരം വളർത്തിയെടുക്കാനുള്ള യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനത്ത് മികച്ച രീതിയിൽ നടക്കുന്നു. 2018ൽ ആരംഭിച്ച പദ്ധതിയിലൂടെ 17 പേരുടെ നൂതന ആശയങ്ങളെ വിപണി സാധ്യതയുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രി കെ എൻ ബാലഗോപാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.