അടിമാലി > പരിമിതികൾക്ക് നടുവിലും വിജയഗാഥ രചിച്ച് മുന്നേറുകയാണ് അടിമാലി കൊരങ്ങാട്ടി കുടിയിലെ അമ്മയും മകളും. വനം വന്യജീവി വകുപ്പിൽപട്ടികവര്ഗക്കാര്ക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പിഎസ്സി നടത്തിയ എഴുത്തുപരീക്ഷയും കായികക്ഷമത പരീക്ഷയും വിജയിച്ചാണ് ചെറുകുന്നേൽ എം കെ ശ്രീജയും മകൾ മേഘയും താരങ്ങളായത്. ഇവർക്ക് പരിശീലന ക്ലാസുകളില് പങ്കെടുക്കാനായില്ല. ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിലെ ചെറിയ സമയങ്ങളിലാണ് ഇരുവരും സർക്കാർ ജോലിയെന്ന സ്വപ്നത്തിലേക്ക് വഴിവെട്ടിയത്.
ഭര്ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ശ്രീജ 2015ൽ അടിമാലി നോർത്ത് വാർഡിൽനിന്ന് ഇടത് സ്ഥാനാർഥിയായി വിജയിച്ച് പ്രസിഡന്റായി. മികച്ച പ്രവർത്തനവും നടത്തി. നിലവിൽ ആശാ പ്രവർത്തകയാണ്. മേഘ ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കന്നി പിഎസ്സി പരീക്ഷയിൽ മകൾ വിജയിച്ച സന്തോഷത്തിലാണ് രണ്ടാംതവണ പിഎസ്സി എഴുതുന്ന ശ്രീജ. അടിമാലി സർക്കാർ ഹൈസ്കൂളിലാണ് ഇരുവരും പരീക്ഷ എഴുതിയത്. ബുധനാഴ്ച കാൽവരിമൗണ്ട് കാൽവരി ഹൈസ്കൂളിൽ കായികക്ഷമത പരീക്ഷയിൽ 61 പേര് വിജയിച്ചപ്പോള് ആദ്യം ഓടിക്കയറിയത് ഈ അമ്മയും മകളുമാണ്.
ഇളയ മകളും പത്താംക്ലാസുകാരിയുമായ അനഘയുടെ സഹായത്തോടെയാണ് ഇരുവരും പരീക്ഷയ്ക്ക് തയ്യാറെടുത്തത്. ശ്രീജ സിപിഐ എം അടിമാലി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും മേഘ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗവുമാണ്. അഭിമുഖത്തിനും റാങ്ക് പട്ടികയ്ക്കുമുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഏപ്രിലിലായിരുന്നു പിഎസ്സി അപേക്ഷ ക്ഷണിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പും വനം വകുപ്പും ആദിവാസി ഊരുകളില് വലിയ കാമ്പയിനുകള് സംഘടിപ്പിച്ചിരുന്നു. 21, 23 തീയതികളിലാണ് അഭിമുഖം.