തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരണത്തിന് തടസ്സമുണ്ടാകരുതെന്ന് നിയമസഭ. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണം. തുറമുഖവിരുദ്ധ സമരസമിതി നടത്തിയ അക്രമങ്ങളെയും വൈദികന്റെ വർഗീയപരാമർശങ്ങളെയും കക്ഷിനേതാക്കൾ ശക്തമായി അപലപിച്ചു. രമ്യവും നിയമത്തിന്റെ ചട്ടക്കൂടിൽനിന്നുള്ളതുമായ പരിഹാരമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് ചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു.
80 ശതമാനം പൂർത്തിയായ പദ്ധതി നിർത്തിവയ്ക്കണമെന്നതിലൊഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളിലും അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന പ്രതിപക്ഷ പ്രചാരണത്തിന്റെ മുനയും പൊളിഞ്ഞു. സമരസമിതിയുടെ പ്രധാനിയുൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പഠന–-പരിശോധനകൾക്കുശേഷം കേന്ദ്രാനുമതി ലഭിച്ച പദ്ധതിയായിട്ടും, ആഘാതം പഠിക്കാൻ വിദഗ്ധസമിതിയെ വേണമെന്നതും അംഗീകരിച്ചു. സമരസമിതിക്കാർ എല്ലാം സമ്മതിച്ച് മടങ്ങിയതാണ്–-മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖവിരുദ്ധ സമരത്തിൽനിന്ന് പരമാവധി മുതലെടുക്കുന്ന നിലപാടാണ് പ്രമേയത്തിന് നോട്ടീസ് നൽകിയ എം വിൻസന്റും പ്രതിപക്ഷനേതാവ് വി ഡി സതീശനും സ്വീകരിച്ചതെങ്കിലും പദ്ധതി നിർത്തിവയ്ക്കുന്നതിനെ അനുകൂലിച്ചില്ല. കോൺഗ്രസിന്റെ നിലപാട് അതേപടി സ്വീകരിക്കില്ലെന്ന മുസ്ലിംലീഗ് തീരുമാനം ചർച്ചയിലും പ്രതിഫലിച്ചു. പദ്ധതി സംസ്ഥാനത്തിന് അനിവാര്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പേരിന്റെ പേരിൽ മന്ത്രിയെവരെ തീവ്രവാദിയെന്നു മുദ്രകുത്തി സാമുദായിക സ്പർധവളർത്തുന്ന സമരസമിതിയിലെ ചിലരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമേയ നോട്ടീസ് വോട്ടിനിട്ടാൽ യുഡിഎഫിലുള്ള അനൈക്യം പുറത്തുവരുമെന്നതിനാൽ പ്രമേയം പ്രസ് ചെയ്യാതെ പിൻവലിച്ചു.