തിരുവനന്തപുരം
അനധികൃതമായി മണൽ വാരുന്നവർക്ക് പിഴ അഞ്ച് ലക്ഷമായി ഉയർത്തുന്ന നിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിലവിലുള്ള 25,000 രൂപ അഞ്ച് ലക്ഷമാക്കണമെന്നാണ് കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ വ്യവസ്ഥ ചെയ്യുന്നത്. മന്ത്രി കെ രാജൻ അവതരിപ്പിച്ച ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
തുടർച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും ചുമത്തുന്ന അധികപിഴ ആയിരത്തിൽനിന്ന് അമ്പതിനായിരം രൂപയാക്കാനും വ്യവസ്ഥയുണ്ട്. കണ്ടുകെട്ടിയ മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കണമെന്നതുമാറ്റി മതിപ്പുവില കലക്ടർ നിശ്ചയിച്ച് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലേലത്തിലൂടെ വിൽക്കാനും വ്യവസ്ഥയുണ്ട്. കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി)ബിൽ, കേരള അബ്കാരിത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി)ബിൽ, കേരള ഭൂപരിഷ്കരണ (ഭേദഗതി) ബിൽ എന്നിവയും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2004ലെ കേരള ഓട്ടോമൊബൈൽ തൊഴിലാളി ക്ഷേമനിധി പദ്ധതി 1985ലെ കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി പദ്ധതിയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ‘കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബിൽ’ അവതരിപ്പിച്ചത്. മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ഓഫീസുകൾ ജില്ലാ ആസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നത് പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ലാൻഡ് ട്രിബ്യൂണലിന്റെ ഏതെങ്കിലും ഉത്തരവിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നിശ്ചിത സമയത്തിനകം അപ്പീൽ നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് കേരള ഭൂപരിഷ്കരണ (ഭേദഗതി)ബിൽ. കെ ബാബു, ഐ സി ബാലകൃഷ്ണൻ, എച്ച് സലാം, പി പി ചിത്തരഞ്ജൻ, ജോബ് മൈക്കിൾ, ഡി കെ മുരളി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, യു എ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.