ന്യൂഡല്‍ഹി> കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ബേലഗവിയില്‍ മഹാരാഷ്ട്രയുടെ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ചില ട്രക്കുകള്‍ക്ക് നേരെ കല്ലേറുമുണ്ടായതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്.
ബേലഗവിയാണ് തര്‍ക്കത്തിന്റെ കേന്ദ്രസ്ഥാനം.അറുപതുകളില്‍ ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ മറാത്തികള്‍ കൂടുതലുള്ള ബേലഗവി കന്നഡ ഭാഷ സംസാരിക്കുന്ന കര്‍ണാടകക്ക് തെറ്റായി നല്‍കിയതാണെന്നാണ് മഹാരാഷ്ട്രയുടെ വാദം. നിലവില്‍ അതിര്‍ത്തി തര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
അതേ സമയം, കര്‍ണാടകയുടെ പരമ്പരാഗത പതാകയുമേന്തിയാണ് മഹാരാഷ്ട്രക്കെതിരെ റോഡ് ഗതാഗതം തടസപ്പെടുത്തി പ്രതിഷേധം നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് എത്തിയെങ്കിലും പ്രതിഷേധക്കാര്‍ റോഡില്‍ കിടന്നും പൊലീസിനെ വെല്ലുവിളിച്ചുമാണ് ധര്‍ണ നടത്തിയത്.
കാലങ്ങളായി തുടരുന്ന കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്ക പരിഹാരത്തിനായി മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും ചര്‍ച്ചക്കായി നിയമിച്ചിരുന്നു.എന്നാല്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ക്രമസമാധാന പ്രശനം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.