ദോഹ
ലോകകപ്പ് സെമിയിൽ ഇടംപിടിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന പെരുമ ഘാനയിൽനിന്ന് തട്ടിത്തെറിപ്പിച്ചത് ഉറുഗ്വേ സൂപ്പർതാരം ലൂയിസ് സുവാരസാണ്. ദക്ഷിണാഫ്രിക്കയിൽ നടന്ന 2010 ലോകകപ്പ് ക്വാർട്ടറിലായിരുന്നു ഘാനയുടെ കണ്ണീർ. 12 വർഷത്തിനുശേഷം ലോകകപ്പ് വേദിയിൽ ഇരുടീമുകളും വീണ്ടും മുഖാമുഖം വരുമ്പോൾ പകരംവീട്ടാനൊരുങ്ങുകയാണ് ആഫ്രിക്കൻ കരുത്തർ.
2010ലെ ക്വാർട്ടർ പോരിൽ നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. അധികസമയക്കളിയുടെ അവസാന നിമിഷത്തിൽ ഘാനയുടെ ജോൺ മെൻസയുടെ ഷോട്ട് ഉറുഗ്വേ ഗോളിയെ മറികടന്നെങ്കിലും ഗോൾവലയ്ക്ക് മുന്നിലുണ്ടായിരുന്ന സുവാരസ് പന്ത് കൈകൊണ്ട് കുത്തിയകറ്റി. സുവാരസിന് ചുവപ്പ് കാർഡ് നൽകി ഘാനയ്ക്ക് പെനൽറ്റി വിധിച്ചെങ്കിലും ആഫ്രിക്കക്കാരെ ദൗർഭാഗ്യം വീണ്ടും തടഞ്ഞു. അസമാവോ ഗ്യാന്റെ പെനൽറ്റി കിക്ക് ഗോൾപോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ഘാന പുറത്തായി.
ഇത്തവണ ഗ്രൂപ്പ് എച്ചിലാണ് ഘാനയും ഉറുഗ്വേയും. ഗ്രൂപ്പിൽനിന്ന് പോർച്ചുഗൽ അവസാന പതിനാറിലിടം പിടിച്ചു. മൂന്ന് പോയിന്റുള്ള ഘാനയാണ് രണ്ടാമത്. ഓരോ പോയിന്റുള്ള ഉറുഗ്വേയും ദക്ഷിണ കൊറിയയും മൂന്നും നാലും സ്ഥാനത്ത്. ഉറുഗ്വേയെ സമനിലയിൽ പിടിച്ചാൽ ഘാനയ്ക്ക് മുന്നേറാം. ഉറുഗ്വേയ്ക്ക് മുന്നേറണമെങ്കിൽ ജയം അനിവാര്യമാണ്. മികച്ച കളിക്കാരുണ്ടായിട്ടും ഒത്തിണക്കത്തോടെ കളിക്കാത്തതാണ് പ്രശ്നം.
പോർച്ചുഗലിനെ മികച്ച മാർജിനിൽ മറികടന്നാലേ ദക്ഷിണ കൊറിയക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ. മൂന്നും ജയിച്ച് മുന്നേറാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലക്ഷ്യമിടുന്നത്.