ജനീവ> ലോകത്ത് ഇതുവരെ എയ്ഡ്സ് ബാധിച്ച് മരിച്ചത് 4.01 കോടിപ്പേർ. 2021 അവസാനത്തെ കണക്കുപ്രകാരം ലോകത്താകെ 3.8 കോടി എച്ച്ഐവി ബാധിതരുണ്ടെന്നും ലോകാരോഗ്യ സംഘടന. ലോക എയ്ഡ്സ് ദിനമായ വ്യാഴാഴ്ചയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ആകെയുള്ള എയ്ഡ്സ് ബാധിതരിൽ 2.56 കോടിയും ആഫ്രിക്കൻ രാജ്യങ്ങളിലാണ്. 85 ശതമാനവും തങ്ങൾ എയ്ഡ്സ് ബാധിതരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാധിക്കപ്പെട്ടവരിൽ 75 ശതമാനത്തിന് മാത്രമാണ് ചികിത്സ ലഭിക്കുന്നത്. 2004ലെ വർധനയ്ക്കുശേഷം എച്ച്ഐവി മരണങ്ങളിൽ 68 ശതമാനം കുറവുണ്ടാക്കാനായി. 2021ൽ 6.5 ലക്ഷം എച്ച്ഐവി ബാധിതരാണ് ലോകത്ത് മരിച്ചത്. 2004ൽ ഇത് 20 ലക്ഷവും 2010ൽ 14 ലക്ഷവും ആയിരുന്നു.