ന്യൂഡൽഹി
ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ച് മാസം പിന്നിടുമ്പോഴും ഇപിഎഫ്ഒ ആവശ്യമായ മാർഗനിർദേശം പുറത്തിറക്കാത്തതിനെ തുടർന്ന് കടുത്ത അനിശ്ചിതത്വം. ഉയർന്ന പെൻഷനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ സുപ്രീംകോടതി നാലു മാസമാണ് നൽകിയത്. ആ സാഹചര്യത്തിൽ ഇപിഎഫ്ഒയും തൊഴിൽമന്ത്രാലയവും പുലർത്തുന്നത് കുറ്റകരമായ അനാസ്ഥ. വിവിധ സംസ്ഥാനങ്ങളിലെ ഇപിഎഫ്ഒ കാര്യാലയങ്ങളിലെ ജീവനക്കാർക്ക് എന്തുചെയ്യണമെന്ന് അറിയാത്ത സ്ഥിതി. ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നതിൽ വ്യക്തത തേടി പ്രധാന കാര്യാലയത്തിലേക്ക് അയച്ച കത്തുകൾക്കും ഇ–-മെയിലുകൾക്കും മറുപടി കാത്തിരിക്കുകയാണവർ. ദിവസവും ആയിരക്കണക്കിന് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി നൽകുമെന്ന് അറിയാതെ കുഴങ്ങുകയാണെന്ന് ജീവനക്കാർ പ്രതികരിച്ചു.
ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ ഇപിഎഫ് ഫെഡറേഷൻ സുപ്രീംകോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പിഎഫ് കമീഷണർ നീലംസാമി റാവുവിന് കത്തുനൽകി. കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാരണം ജോലിഭാരം പതിൻമടങ്ങ് വർധിച്ചത് പരിഗണിച്ച് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. മാർഗനിർദേശം വൈകുന്നത് ജോലിഭാരം വീണ്ടും വർധിപ്പിക്കുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ കൃപാകരൻ ചൂണ്ടിക്കാട്ടി. ഇതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇപിഎഫ് പെൻഷൻ സംഘടനകൾ ഏഴിനും എട്ടിനും ഡൽഹി ജന്തർമന്ദറിൽ ധർണ നടത്തും.