ബീജിങ്
ചൈനീസ് മുൻ പ്രസിഡന്റ് ജിയാങ് സെമിന്റെ മൃതദേഹം തലസ്ഥാനമായ ബീജിങ്ങിൽ എത്തിച്ചു. വ്യാഴാഴ്ച പകൽ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഷാങ്ഹായിൽനിന്ന് കൊണ്ടുവന്നത്. ആറിന് ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ അനുസ്മരണയോഗം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് അറിയിച്ചു.
ആറിനു രാവിലെ പത്തുമുതൽ നടക്കുന്ന അനുസ്മരണയോഗം രാജ്യമെങ്ങും തത്സമയം സംപ്രേഷണം ചെയ്യും. സർക്കാർ ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ദൃശ്യങ്ങൾ കാണാന്‍ സംവിധാനമൊരുക്കും. അന്നേദിവസം ദേശീയതലത്തിൽ ദുഃഖം ആചരിക്കും. മൂന്നു മിനിറ്റ് രാജ്യവ്യാപകമായി മൗനം ആചരിക്കും. പിന്നീട് മൂന്ന് മിനിറ്റ് ഹോണുകളും വ്യോമ സൈറണുകളും മുഴക്കി അന്തരിച്ച നേതാവിന് ആദരമർപ്പിക്കും. രാജ്യത്തുടനീളം ദേശീയപതാക പകുതി താഴ്ത്തി.
വിദേശത്തുനിന്നുള്ള അതിഥികൾ, സർക്കാർ പ്രതിനിധികൾ എന്നിവർക്ക് അനുസ്മരണ യോഗത്തിലേക്ക് ക്ഷണമുണ്ടാകില്ല. അതേസമയം, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാന്‍ ടിയാനെൻമെൻ സ്ക്വയറിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കി.