സ്പെയ്നെ അട്ടിമറിച്ച് (2–1) ഗ്രൂപ്പ് ഇ ചാമ്പ്യൻമാരായി ജപ്പാൻ ലോകകപ്പ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. കോസ്റ്ററിക്കയെ മറികടന്നെങ്കിലും (4–2) ജർമനി പുറത്തായി. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. ജർമനിയ്ക്കും സ്പെയ്നും നാല് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ സ്പെയ്ൻ രണ്ടാമതെത്തി.
അൽവാരോ മൊറാട്ടയിലൂടെ ജപ്പാനെതിരെ സ്പെയ്നാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ റിറ്റ്സു ദൊയാനും ആയോ തനാകയും ഗോൾ നേടിയതോടെ ജപ്പാൻ മുന്നേറി. കളിയുടെ തുടക്കത്തിൽ സെർജി നാബ്രിയിലൂടെ കോസ്റ്ററിക്കയ്ക്കെതിരെ ജർമനി മുന്നിലെത്തിയിരുന്നു. എൽസിൽ തജേദയും വർഗാസും ലക്ഷ്യം കണ്ടതോടെ കോസ്റ്ററിക്ക മുന്നിലെത്തി. കയ് ഹവേർട്സിന്റെ ഇരട്ടഗോളിൽ ജർമനി മുന്നിലെത്തി. ഫുൾകുർഗാണ് നാലാം ഗോൾ നേടിയത്.
നേരത്തെ ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയുമായി ഗോൾരഹിത സമനിലയിൽ പരിഞ്ഞതോടെ ബൽജിയം പുറത്തായി. ക്യാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി മൊറോക്കോ ഒന്നാമതായി പ്രീക്വാർട്ടറിലെത്തി. ഹക്കീം സിയെച്ചും യൂസഫ് എൻ നെസ്രിയും ഗോളടിച്ചു. മൊറോക്കോ പ്രതിരോധക്കാരൻ നയീഫ് അഗുയേർദിന്റെ ദാനഗോളാണ് ക്യാനഡയ്ക്ക് ലഭിച്ചത്. പ്രീ ക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയേയും സ്പെയ്ൻ മൊറോക്കോയേയും നേരിടും.