പാടത്തും പറമ്പിലും പശുക്കൾ മേയുന്നത് കണ്ടിട്ടുണ്ട്. കാടിനടുത്ത് ചെന്നാൽ ആനക്കൂട്ടം കാണാം. മാനുകളും കാട്ടുപോത്തുകളും ധാരാളം. എന്നാൽ, ഒട്ടകങ്ങളെ കൂട്ടമായി കാണാൻ മരുഭൂമിയിൽ പോകണം.
അത്തരമൊരു മരുഭൂമി സഫാരിയിലാണ് നിരനിരയായി പോകുന്ന ഒട്ടകക്കൂട്ടത്തെ കണ്ടത്. മുമ്പ് സർക്കസിലും ഇപ്പോൾ നാട്ടിലെ കല്യാണവിരുന്നിലും കാണുന്ന ഒട്ടകങ്ങളെ കൂട്ടമായി കാണുന്നത് കൗതുകംതന്നെ. ദോഹയിൽനിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ ഉമി സെയ്ദ് എന്ന സ്ഥലമായി. അവിടെയുള്ള സീലൈനിൽനിന്ന് വീണ്ടും 40 കിലോമീറ്റർ കാറിൽ യാത്ര, കേട്ടും വായിച്ചും അറിഞ്ഞ മരുഭൂമിയിലേക്ക്. കണ്ണെത്താ ദൂരം ‘മണൽക്കടൽ’. വളഞ്ഞും പുളഞ്ഞും ചാടിയും ചെരിഞ്ഞും കാറിൽ സാഹസികയാത്ര. യാത്രയിൽ മരുഭൂമിയുടെ വരൾച്ച അറിയാം, വന്യത മനസ്സിലാക്കാം.സാഹസികയാത്ര ഇഷ്ടപ്പെടുന്നവർക്ക് മരുഭൂമി യാത്രയാകാം. അവസാന പോയിന്റിൽനിന്ന് നോക്കിയാൽ അയൽരാജ്യമായ സൗദി അറേബ്യ കാണാം. ഇത്തരം യാത്രകൾ ഒരുക്കാൻ മലയാളി സംഘങ്ങളുണ്ട്. ‘ഡ്യൂഡ്സ് ഓഫ് ഡ്യൂൺസ്’ എന്ന മലയാളിക്കൂട്ടായ്മ ഇത്തരം യാത്ര നടത്തുന്ന ആദ്യസംഘമാണ്. 45 അംഗ സംഘം മണൽയാത്രയുടെ ഉസ്താതുമാരാണ്. എല്ലാ ആഴ്ചയും യാത്രയുണ്ടാകും. ഇതുപോലെ മൂന്നോ നാലോ സാഹസിക യാത്രാസംഘങ്ങൾ ദോഹയിലുണ്ട്.കടലിനോട് ചേർന്നുകിടക്കുന്ന മരുഭൂമിയാണ് ദോഹയിലേത്. ഈ അപൂർവ സംഗമം സവിശേഷതയാണ്.