രൂക്ഷമായ ഒറ്റപ്പെടല്‍ അതിജീവിച്ച് ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നവീകരിച്ച നേതാവിനെയാണ് ജിയാങ് സെമിന്റെ വിയോഗത്തിലൂടെ ചൈനയ്ക്ക് നഷ്ടമായത്. ചൈനയെ സമൃദ്ധിയുടെ പാതയിലേക്ക് നയിക്കാൻ അടിത്തറയിട്ട നേതാവ്. ചൈനീസ് നിർമാണമേഖല ആഗോളതലത്തിൽ ഏറ്റവും ബലിഷ്ഠ സംവിധാനമായി മാറിയത് അദ്ദേഹത്തിനു കീഴിലാണ്.1989ലെ ടിയാനൻമെൻ സ്ക്വയർ സംഭവത്തിനുശേഷം അധികാരതലപ്പത്ത് എത്തുമ്പോള്‍ ലോകവേദിയില്‍ അതിരൂക്ഷമായ ഒറ്റപ്പെടലാണ് ചൈന നേരിട്ടിരുന്നത്. എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം ചൈനയെ മുന്നോട്ട് നയിച്ചു. ലോകവ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ പ്രവേശനം, ബ്രിട്ടീഷുകാരിൽനിന്ന് ഹോങ്കോങ്ങിനെ ചൈന ഏറ്റെടുക്കല്‍ തുടങ്ങിയ സുപ്രധാന സംഭവങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു.
1926 ആഗസ്ത് 17-ന് ചൈനയുടെ കിഴക്കൻ തീരപ്രദേശമായ ജിയാങ്സുവിലെ യാങ്ഷൂ നഗരത്തിലാണ് ജനനം. സ്കൂളിൽ വിടുംമുമ്പ് ജിയാങ്ങിനെ പിതാവ് ക്ലാസിക്കൽ ചൈനീസ് ഗ്രന്ഥങ്ങൾ വാമൊഴിയായി പഠിപ്പിച്ചിരുന്നു. ജാപ്പനീസ് അധിനിവേശകാലത്തെ ദുരിതജീവിതത്തിനൊടുവില്‍ ഇലക്ട്രിക്കൽ എൻജിനിയറായി ബിരുദംനേടി. കോളേജിൽ പഠിക്കുമ്പോൾ 21––ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു. – മോസ്കോയിൽ സോവിയറ്റ് കാർ ഫാക്ടറിയിൽ പരിശീലനംനേടി. പിന്നീട് റുമേനിയയിൽ നയതന്ത്രജ്ഞനായി. 1980-കളോടെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ ചുമതലയുള്ള മന്ത്രിയായി, പിന്നീട് ഷാങ്ഹായിൽ പാർടി മേധാവിയായി. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധ പശ്ചാത്തലത്തില്‍ പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നിലപാടുകള്‍ ചൈനയ്ക്ക് പുറത്തും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1993-ഓടെ, ചൈനീസ് പ്രസിഡന്റായി ചുമതലയേറ്റു. ഇതിനുമുന്നേ സൈനിക കമീഷനിന്റെ തലവനായി നിയമിക്കപ്പെട്ടു. – 1997 ഫെബ്രുവരിയിൽ ഡെങ്ങ് സിയാവോപെങ്ങിന്റെ ശവസംസ്കാര പ്രഭാഷണം നടത്തുമ്പോൾ ജിയാങ് പൊട്ടിക്കരഞ്ഞു. അത്രമേല്‍ ഗാഢമായിരുന്നു അവര്‍ക്കിടയിലെ ബന്ധം.
ആഭ്യന്തരപ്രതിസന്ധികളില് ശക്തമായ നിലപാട് സ്വീകരിച്ചു. തയ്വാനിൽ ചൈനയുടെ നിലപാട് ലോകത്തെ ബോധ്യപ്പെടുത്തുന്ന നടപടികളുണ്ടായി. സൈന്യം പാർടിയുടെ സമ്പൂർണ നേതൃത്വത്തിനു കീഴിലാണെന്ന് ചൈനീസ് ജനതയെ ബോധ്യപ്പെടുത്തി. പാര്‍ടിയെ ആശയപരമായി നവീകരിക്കാന്‍ “മൂന്ന് പ്രാതിനിധ്യ സിദ്ധാന്തം’ അവതരിപ്പിച്ചു. “ഉൽപ്പാദനശക്തികളെ” പ്രോത്സാഹിപ്പിച്ചും ദേശീയ സംസ്കാരം മുറുകെപ്പിടിച്ചും ചൈനീസ് ജനതയുടെ “അടിസ്ഥാന താൽപ്പര്യങ്ങൾ’ സംരക്ഷിച്ചും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യം പിന്തുടരാൻ ഇത് പാർടിയെ പ്രേരിപ്പിച്ചു.
ആഗോളതലത്തില്‍ ചൈനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. 1996-ൽ ഏഷ്യൻ സാമ്പത്തിക ഫോറത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫിഡൽ റാമോസുമായി അത്താഴത്തിനുശേഷം എൽവിസ് പ്രെസ്ലിയുടെ “ലവ് മി ടെൻഡര്‍’ എന്ന ഗാനം അദ്ദേഹം അവതരിപ്പിച്ചത് ലോകശ്രദ്ധ നേടി. ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ചുള്ള മുന്‍വിധികള്‍ തിരുത്തിയ പ്രകടനമായിരുന്നു അത്. 1996 നവംബറില്‍ ഇന്ത്യയിലുമെത്തി. 1999-ൽ, ജിയാങ് ബ്രിട്ടൻ സന്ദര്‍ശിച്ചു.
ചൈനീസ് രാഷ്ട്രത്തലവന്റെ ആദ്യ ബ്രിട്ടൻ സന്ദര്‍ശനമായിരുന്നു അത്. നിരവധിതവണ അമേരിക്കന്‍ സന്ദര്‍ശനം നടത്തി. 2001 സെപ്തംബർ 11 ആക്രമണത്തില്‍ നടുങ്ങിയ അമേരിക്കയ്ക്ക് അദ്ദേഹം സര്‍വപിന്തുണയും വാഗ്ദാനം ചെയ്തു. “ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ’ അമേരിക്കയുമായി സഹകരണം പ്രഖ്യാപിച്ചു.
2002 നവംബറിൽ ഹു ജിന്താവോക്ക് പാർടി മേധാവിസ്ഥാനം കൈമാറി. 2003 മാർച്ചിൽ ജിയാങ്ങിന്റെ പിൻഗാമിയായി ഹു പ്രസിഡന്റായി. ചൈനയുടെ സായുധസേനയുടെ മേൽനോട്ടം വഹിക്കുന്ന കമീഷൻ ചെയർമാനെന്ന പദവി 2004 സെപ്തംബറിൽ ഒഴിഞ്ഞു. 2008ലെ ബീജിങ് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. 2019ല്‍ ജനകീയ ചൈന രൂപീകരണത്തിന്റെ 70––ാം വാർഷിക ആഘോഷമാണ് അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി.
ഒക്ടോബറിൽ 20––ാമത് കമ്യൂണിസ്റ്റ് പാർടി കോൺഗ്രസിൽനിന്ന് ആരോഗ്യകാരണത്താല്‍ വിട്ടുനിന്നു. അവസാനകാലത്തും ചൈനീസ് യുവജനങ്ങളുടെ മനസ്സില്‍ വീരപരിവേഷത്തോടെ ജിയാങ് തിളങ്ങിനിന്നു. ഭാര്യ: വാങ് യെപിങ്. രണ്ട് ആണ്മക്കള്.
എക്കാലവും ഓർമിക്കപ്പെടും:
സിപിഐ എം
മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായിരുന്ന ജിയാങ് സെമിന്റെ നിര്യാണത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. പാർടി ചുമതലകൾ ചടുലതയോടെ നിറവേറ്റിയ സെമിൻ തൊണ്ണൂറുകളിൽ ചൈനയെ വൻ സാമ്പത്തിക ശക്തിയാക്കാനുള്ള അടിത്തറയിട്ട വ്യക്തിയാണ്. സിപിസിയുടെ മൂന്നാം തലമുറയിൽപ്പെട്ട ശ്രദ്ധേയ നേതാവായിരുന്നു. ‘തിയറി ഓഫ് ത്രീ റെപ്രസെന്റ്സ്’ സിദ്ധാന്തത്തിലൂടെ സെമിൻ എക്കാലവും സ്മരിക്കപ്പെടും. സിപിസിയുടെയും ചൈനീസ് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.