ലണ്ടൻ
ഇംഗ്ലണ്ടിലും വെയ്ൽസിലും മൂന്നിൽ ഒരാൾവീതം മതമില്ലാത്തവർ. 2021ലെ സെൻസസ് ഫലം പുറത്തുവന്നപ്പോൾ 37 ശതമാനം പേരും തങ്ങൾക്ക് മതമില്ലെന്ന് അടയാളപ്പെടുത്തി. 2011ൽ ഇത് 25 ശതമാനമായിരുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
രാജ്യചരിത്രത്തിൽ ആദ്യമായി ക്രിസ്ത്യാനികളുടെ എണ്ണം 50 ശതമാനത്തിൽ കുറഞ്ഞു. 2011ൽ 59.3 ശതമാനമായിരുന്നത് ഈ സെൻസസ് ആയപ്പോഴേക്കും 46.2 ആയി. മുസ്ലിം–- ഹിന്ദു വിശ്വാസികളുടെ എണ്ണവും കൂടി. 4.9 ശതമാനമായിരുന്ന മുസ്ലിങ്ങൾ 6.5 ആയപ്പോൾ ഹിന്ദുക്കൾ 1.5ൽ നിന്ന് 1.7 ആയി ഉയർന്നു.
ബ്രിട്ടനിൽ വെള്ളക്കാരല്ലാത്തവരുടെ എണ്ണം വർധിക്കുന്നതായും വ്യക്തമായി. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും 82 ശതമാനം പേർ വെള്ളക്കാർ എന്ന് സ്വയം അടയാളപ്പെടുത്തി. കഴിഞ്ഞ സെൻസസിൽ ഇത് 86 ശതമാനം ആയിരുന്നു. ഒമ്പതു ശതമാനം പേർ ഏഷ്യൻ വംശജരെന്നും നാലു ശതമാനം പേർ കറുത്തവരെന്നും മൂന്നു ശതമാനം പേർ ഒന്നിലധികം വംശത്തിന്റെ പൈതൃകം ഉള്ളവരായും സ്വയം അടയാളപ്പെടുത്തി.