തിരുവനന്തപുരം> വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖം ഇല്ലാതാക്കാനുള്ള നിഗൂഢ പദ്ധതിക്ക് കൂട്ടുനിന്ന് ചില വൈദികരും. മറ്റുവാണിജ്യ തുറമുഖങ്ങളുടെ വക്താവായി, വിഴിഞ്ഞത്തിനെതിരെ രംഗത്തെത്തുന്നത് പ്രമുഖ വൈദികനാണ്. വിഴിഞ്ഞത്ത് വാണിജ്യ തുറമുഖം വേണ്ടെന്നും നേവിക്ക് കൊടുക്കാമെന്നുമാണ് ഈ വൈദികൻ പ്രചരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ നിരവധി വിദേശയാത്രകളും സംശയനിഴലിലാണ്.
കലാപശ്രമത്തിനു പിന്നിൽ മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങളൊന്നും ഉയർത്തിപ്പിടിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
സമരസമിതിയുടെ ഏഴ് ആവശ്യത്തിൽ ആറിലും സർക്കാർ സ്വീകരിക്കുന്ന നടപടിയിൽ മത്സ്യത്തൊഴിലാളികൾക്ക് ആക്ഷേപമില്ല. തുറമുഖം അടച്ചുപൂട്ടണമെന്ന ആവശ്യമാണ് നിരസിച്ചത്. ഇതിൽ തൂങ്ങിക്കിടന്ന് വർഗീയചേരിതിരിവും കലാപാന്തരീക്ഷവും സൃഷ്ടിക്കുന്നത് തുറമുഖം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ്.‘‘ഈ സമരത്തിൽ പങ്കെടുത്ത ഏവനെയെങ്കിലും പൊലീസ് പൊക്കിയാൽ ആ സ്റ്റേഷൻ കത്തിക്കും. ഏത് സ്റ്റേഷനായാലും കത്തിക്കും. അഞ്ചുതെങ്ങിൽ പൊലീസ് സ്റ്റേഷൻ കത്തിച്ച ചരിത്രമുണ്ട്’’–- എന്നാണ് മറ്റൊരു വൈദികൻ സമരപ്പന്തലിൽ പ്രസംഗിച്ചത്. ഇതാണ് ഞായറാഴ്ച രാത്രി വിഴിഞ്ഞത്ത് നടപ്പാക്കാൻ ശ്രമിച്ചത്.
വൈദിക പ്രമുഖൻ പരസ്യമായി സമരസ്ഥലത്തേക്ക് ആളുകളെ വിളിച്ചുവരുത്തി അക്രമിക്കാൻ നിർദേശിച്ചതിന് ദൃക്സാക്ഷികളുണ്ട്. വിഴിഞ്ഞം സമരത്തിൽ ശനിയാഴ്ച വെടിവയ്പുണ്ടാകുമെന്ന് മുൻകൂർ ഉറപ്പിച്ചതിന്റേതായ സൂചനകൾ പുറത്തുവന്നു. “പ്രത്യാഘാതങ്ങൾ’ ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണുണ്ടായത്. ഒരൊത്തുതീർപ്പിനും സമ്മതിക്കാതെ സമരം തുടരുന്നതിനു പിന്നിലെ കേന്ദ്രങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളും വെളിച്ചത്തുവരുന്നുണ്ട്.