കൊച്ചി> പ്രതിപക്ഷനേതാവ് വി ഡി സതീശൻ വെട്ടിപ്പിടിച്ചുവച്ച സ്വന്തം തട്ടകത്തിലെ വിശ്വസ്തരുടെ നിലപാടുമാറ്റം എറണാകുളത്ത് കോൺഗ്രസ് ഗ്രൂപ്പുസമവാക്യങ്ങളെ മാറ്റിമറിക്കുന്നു. ഐ ഗ്രൂപ്പുകാരായ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, ടി ജെ വിനോദ് എന്നിവർ സതീശനെ കൈവിട്ടതായാണ്, ഞായറാഴ്ച ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുത്തതിലൂടെ വ്യക്തമാക്കിയത്. ആർഎസ്എസ് അനുകൂലപ്രസ്താവനകളിലൂടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഒറ്റപ്പെടുന്നത് മുതലാക്കി മറ്റു ജില്ലകളിൽ സ്വാധീനമുറപ്പിക്കാൻ സതീശൻ ശ്രമിക്കുന്നതിനിടയിലാണ് സ്വന്തം ജില്ലയിലെ അടിവേരിളകിയത്.
റോജി എം ജോൺ എംഎൽഎയെ എഐസിസി സെക്രട്ടറിയാക്കിയതുമുതൽ സതീശനുമായി അകന്ന ഹൈബി, പ്രൊഫഷണൽസ് കോൺഗ്രസ് പരിപാടിയിൽ തരൂരിനെ വാനോളം പുകഴ്ത്തി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. തരൂരിന്റെ സാധ്യതകൾ പാർടി ഉപയോഗിക്കുകയാണ് വേണ്ടതെന്ന് ഹൈബി പറഞ്ഞത് സതീശനുള്ള മറുപടിയാണ്. പാർടിക്കാർക്കെതിരെയല്ല ഫൗൾ ചെയ്യേണ്ടതെന്ന് കുഴൽനാടൻ പറഞ്ഞതും സതീശനെയും സുധാകരനെയും ഉന്നംവച്ച്. ടി ജെ വിനോദ് പരിപാടിയിൽവന്ന് പിന്തുണ അറിയിച്ച് മടങ്ങിയതും മാറ്റത്തിന്റെ സൂചനയായി. ജില്ലയിലെ എ ഗ്രൂപ്പിന്റെ പിന്തുണയും ഇവർക്കുണ്ട്.
സതീശൻ പ്രതിപക്ഷനേതാവായതുമുതൽ, ഐയ്ക്ക് സ്വാധീനമുള്ള ജില്ലയിൽ ഗ്രൂപ്പിനെ ഭിന്നിപ്പിക്കുന്നതിനെതിരെ നേതാക്കൾക്കിടയിൽ കടുത്ത അമർഷമുണ്ട്. കെപിസിസി വൈസ് പ്രസിഡന്റായിട്ടും ജില്ലയിലെ പരിപാടികൾ അറിയിക്കാറില്ലെന്ന് വി ജെ പൗലോസ് ഡിസിസി യോഗത്തിൽ പൊട്ടിത്തെറിച്ചിരുന്നു. ഐ ഗ്രൂപ്പിലെ എൻ വേണുഗോപാൽ, സിമി റോസ്ബെൽ ജോൺ, മൂന്നാംഗ്രൂപ്പിലെ അജയ് തറയിൽ തുടങ്ങിയവരും സതീശന്റെ ശൈലിയിൽ പ്രതിഷേധമുള്ളവരാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയംമുതൽ സതീശനുമായി ഉടക്കിനിൽക്കുകയാണ് എ ഗ്രൂപ്പ്. ഡൊമിനിക് പ്രസന്റേഷനെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാൻ സതീശൻ കളിച്ചെങ്കിലൂം എ ഗ്രൂപ്പ് തടയുകയായിരുന്നു.