ന്യൂഡല്ഹി> ഗുജറാത്ത് വംശഹത്യയെ പ്രശംസിച്ചുള്ള അമിത്ഷായുടെ വിവാദപ്രസംഗത്തിൽ പ്രതിഷേധം ശക്തമായി. പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ‘2002-ൽ കുഴപ്പക്കാരെ പാഠം പഠിപ്പിച്ചു ’എന്നായിരുന്നു അമിത്ഷായുടെ വിവാദ പരാമർശം. ഇത് രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും പെരുമാറ്റച്ചട്ട ലംഘനമാണെന്നും മുൻ ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവർത്തകരും പറഞ്ഞു.
അമിത്ഷായുടേത് അങ്ങേയറ്റം ആക്ഷേപകരമായ പ്രസ്താവനയാണെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഇ എ എസ് ശർമ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് അയച്ച കത്തിൽ പറഞ്ഞു. ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 കുറ്റവാളികളെ മോചിപ്പിച്ചതുമായി കൂട്ടിച്ചേർത്ത് ഇതിനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിത്ഷായുടെ പരാമർശം ഒരുവിഭാഗത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് നടപടി വേണമെന്നും സാമൂഹ്യപ്രവർത്തകൻ പ്രൊഫ. ജഗ്ദീപ് ചോക്കറും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കമീഷന് കത്തയച്ചു.
വംശഹത്യാ പ്രകീർത്തനം ആവർത്തിച്ച് അമിത് ഷാ
ഗുജറാത്ത് വംശഹത്യയെ വീണ്ടും പ്രകീർത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയൊരിക്കലും തലപൊക്കാത്തവിധം ഗുജറാത്തിലെ കുഴപ്പക്കാരെ 2002ൽ പാഠം പഠിപ്പിച്ചെന്ന് തെരഞ്ഞെടുപ്പു റാലിയിൽ ഷാ പറഞ്ഞു. ഗുജറാത്തിൽ ഒന്നാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ വർഗീയ പ്രചാരണം തീവ്രമാക്കുകയാണ് ബിജെപി.
‘വർഗീയ കലാപങ്ങൾ സൃഷ്ടിച്ച് ഗുജറാത്തിനെ തുടർച്ചയായി കർഫ്യൂവിൽ നിർത്തിയത് കോൺഗ്രസാണ്. അവരുടെ മന്ത്രിമാരുടെ വീടുകളിൽനിന്ന് ബോംബുകൾ കണ്ടെത്തിയിരുന്നു. 2001ൽ മോദി മുഖ്യമന്ത്രിയായശേഷം ജഗന്നാഥന്റെ രഥയാത്രയെ മോശം കണ്ണോടെ സമീപിക്കാൻ ആരും ധൈര്യപ്പെട്ടില്ല. 2002ൽ കോൺഗ്രസ് ഒരു ശ്രമം കൂടി നടത്തി. എന്നാൽ, ഇനി തല പൊക്കാത്ത വിധം അടിച്ചിരുത്തി. പാകിസ്ഥാനോടും കോൺഗ്രസ് മൃദുസമീപനം കാട്ടി. മോദി അധികാരത്തിൽ വന്നപ്പോൾ എന്താണ് മാറ്റമെന്ന് പാകിസ്ഥാൻ മനസ്സിലാക്കിയില്ല. പുൽവാമയിൽ അവർ സൈനികരെ കൊന്നപ്പോൾ നമ്മുടെ സൈനികർ പാകിസ്ഥാനിൽ കടന്ന് തീവ്രവാദികളെ വകവരുത്തി’–- ഷാ പറഞ്ഞു.