കൊച്ചി> താൽക്കാലിക വൈസ്ചാൻസലർ നിയമനത്തിനും 10 വർഷത്തെ അധ്യാപന പരിചയം നിർബന്ധമെന്ന് യുജിസി ഹൈക്കോടതിയിൽ. പ്രൊഫസറായി 10 വർഷം അധ്യാപന പരിചയമുള്ള അക്കാദമിക് വിദഗ്ധരെയാണ് വിസിയായി നിയമിക്കുക. താൽക്കാലിക വിസിയാകാനും ഇത് ബാധകമാണ്. ഒരു ദിവസത്തേക്കാണെങ്കിൽപോലും യോഗ്യതയുള്ളവരെയേ നിയമിക്കാനാകൂ. മാനദണ്ഡങ്ങൾ മറികടക്കാനാകില്ല–- യുജിസി വ്യക്തമാക്കി.
സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ, ചട്ടം ലംഘിച്ച് ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് യുജിസി നിലപാട് അറിയിച്ചത്. സിസയുടെ നിയമനത്തിൽ ഗവർണർ സർക്കാരുമായി കൂടിയാലോചിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും എജി കെ ഗോപാലകൃഷ്ണക്കുറുപ്പ് കോടതിയെ അറിയിച്ചു. കെടിയു പിവിസിക്ക് വിസിയാകാനുള്ള യോഗ്യതയുണ്ടെന്ന് രജിസ്ട്രാർ അറിയിച്ചു. എന്നിട്ടും ഗവർണർ സിസയെ നിയമിച്ചു. പിവിസിയെ നിർദേശിക്കാൻ സർക്കാരിന് അവസരം നൽകിയതുമില്ല.
മാനദണ്ഡങ്ങൾ പാലിച്ചാണ് സിസയ്ക്ക് താൽക്കാലിക ചുമതല നൽകിയതെന്നും ചാൻസലറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനാകില്ലെന്നും ഗവർണർ ആവർത്തിച്ചു. സർക്കാർ ശുപാർശയിൽമാത്രമേ ചാൻസലർക്ക് തീരുമാനമെടുക്കാനാകൂ എന്ന് സർക്കാരും വാദിച്ചു.
ചാൻസലറുടെ നടപടികൾ കോടതിയിൽ ചോദ്യം ചെയ്യാനാകും. ഡിജിറ്റൽ സർവകലാശാല വിസി, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ ശുപാർശ ചെയ്തെങ്കിലും രണ്ടും തള്ളി. സിസയ്ക്ക് മതിയായ അധ്യാപന പരിചയമില്ല. സീനിയോറിറ്റിയിൽ പത്താംസ്ഥാനത്താണ്.
വിസി, പിവിസി നിയമനം നിശ്ചിതകാലത്തേക്കായതിനാൽ ഡോ. എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകാടതി വിധിയിലൂടെ റദ്ദായെങ്കിലും പിവിസി ഒഴിയേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. സിസ തോമസിനെ നിയമിച്ചതാരെന്ന ചോദ്യം തിങ്കളാഴ്ചയും കോടതി ആവർത്തിച്ചു. വിസി നിയമനത്തിൽ നടക്കുന്നത് അനാവശ്യ തർക്കമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ചൊവ്വ 1.45ന് വിധി പറയും.