കാസർകോട്> കാസർകോട്ടെ കോൺഗ്രസ് എ ഗ്രൂപ്പ് പൂർണമായും ശശി തരൂരിനൊപ്പം. കെപിസിസി അംഗങ്ങളിലും ഡിസിസി ഭാരവാഹികളിലും ഭൂരിഭാഗവും പോഷകസംഘടനകളും തരൂരിനെ പരസ്യമായി പിന്തുണക്കുന്നു. ജില്ലയിലെ മുസ്ലിംലീഗും തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പരിപാടികൾക്ക് ഡിസിസിയുടെ അനുമതി വേണമെന്ന കടമ്പ മറികടക്കാൻ ഐഎൻടിയുസി ജില്ലാ സമ്മേളനം, മഞ്ചേശ്വരത്തെ കോൺഗ്രസ് അനുകൂല യുവജന പരിപാടി തുടങ്ങിയ കൂട്ടായ്മകളിൽ തരൂരിനെ പങ്കെടുപ്പിച്ച് ഔദ്യോഗിക നേതൃത്വത്തിനെ ഞെട്ടിക്കാനും അണിയറയിൽ നീക്കം നടക്കുന്നു.
കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരോട് ശക്തമായ എതിർപ്പാണ് ജില്ലയിലെ എഗ്രൂപ്പ് പ്രകടിപ്പിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ഡിസിസി പ്രസിഡന്റ് പി കെ ഫൈസലും തരൂരിനെ എതിർക്കുന്നതിലും ഇവർക്ക് പ്രതിഷേധമുണ്ട്.
തരൂരിനെ എതിർക്കുന്നവർ കോൺഗ്രസിനെ സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്നവരാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ചിന്തൻ ശിബിറിൽ പ്രവർത്തകർ തുറന്നടിച്ചിരുന്നു. തരൂരിനെ ശക്തമായി പിന്തുണക്കുന്ന എം കെ രാഘവൻ എംപി ജില്ലയിലെ തരൂർ അനുകൂലികളായ നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.