ദോഹ> പത്തൊമ്പത് വയസ്സാണ് ജമാൽ മുസിയാലയ്ക്ക്. ജർമൻ മധ്യനിരയിലെ പുതിയ ചലനയന്ത്രം. ആ കാലുകളിലാണ് ഈ ലോകകപ്പിൽ ജർമനിയുടെ ഭാവി. സ്പെയ്നുമായുള്ള നിർണായക പോരിൽ ജർമനി സമനിലയുമായി ജീവൻ നിലനിർത്തിയപ്പോൾ മുസിയാലായിരുന്നു താരം. തലമുറ മാറ്റത്തിലുള്ള ജർമനിയുടെ ഏറ്റവും കൃത്യതയുള്ള ആയുധം.
പുതുക്കിപ്പണിയുന്ന തറവാടാണ് ജർമനി. അതിന്റേതായ തിരിച്ചടികൾ ടീമിനുണ്ട്. ജപ്പാനോടുള്ള തോൽവിയിൽ അതുകാണാം.
എന്നാൽ, സ്പെയ്നുമായുള്ള കളിയിൽ അങ്ങനെയൊന്നും വിട്ടുകൊടുക്കാത്ത പോരാട്ടത്തിന്റെ ലക്ഷണങ്ങൾ കണ്ടു. ജപ്പാനോട് തോറ്റ ജർമനിയായിരുന്നില്ല സ്പെയ്നിനെതിരെ. കളിയിലും സമീപനത്തിലും മാറ്റംവന്നു. സ്പാനിഷുകാരുടെ പാസുകളുടെ കണ്ണികൾ മുറിക്കാൻ സാധിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്നസമയത്ത്, തോറ്റാൽ വഴിയടയുമെന്ന നിമിഷത്തിൽ തിരിച്ചടിക്കാൻ ജർമനിക്കായി. ആദ്യഘട്ടത്തിൽ അന്റോണിയോ റൂഡിഗറിന്റെ ഹെഡർ വലയിലെത്തിയെങ്കിലും ഓഫ്സൈഡാകുകയായിരുന്നു.
എല്ലാ നീക്കങ്ങളിലും ജർമനി കടപ്പെട്ടിരിക്കുന്നത് മുസിയാലയിലാണ്. തോമസ് മുള്ളറും സെർജി നാബ്രിയുമൊക്കെ വഴിമറന്ന ഘട്ടങ്ങളിൽ മുസിയാല നിരന്തരമായ നീക്കങ്ങൾകൊണ്ട് ജർമൻ നിരയെ ചലിപ്പിച്ചു. ഒടുവിൽ പകരക്കാരനായെത്തിയ നിക്ലാസ് ഫുൾക്രുഗിന്റെ ഗോളിന് വഴിമരുന്നിട്ട് ജർമനിയുടെ സാന്നിധ്യം നിലനിർത്തി. നാളത്തെ മെസിയെന്നാണ് ജർമനിയുടെ വിഖ്യാത താരം ലോതർ മത്തേയൂസ് മുസിയാലയെക്കുറിച്ച് പറഞ്ഞത്. യാന്ത്രികമായ കളിയല്ല, തലച്ചോറുകൊണ്ടാണ് പന്തുതട്ടുന്നത്. ക്രോസുകളിലും പാസുകളിലും കൃത്യത. സ്ഥിരം ഉത്സാഹി. ലക്ഷ്യം നേടുന്നതുവരെ മടുപ്പില്ലാതെ കാത്തിരിക്കാനുള്ള ക്ഷമ. ഇതൊക്കെ ചേർന്നതുകൊണ്ടാകാം മുസിയാലയെന്ന കൗമാരക്കാരൻ പണ്ഡിതരുടെ പ്രശംസ നേടുന്നത്. സ്പെയ്നിനെതിരെ ക്രോസുകളിൽ നൂറുശതമാനമാണ് കൃത്യത. പാസിൽ ഇത് 84 ശതമാനം. ബയേൺ മ്യൂണിക്കിൽ 16–-ാംവയസ്സിലെത്തിയ മുസിയാല ജർമനിയുടെ ഭാവി ശോഭനമാക്കുന്നു.
ഒപ്പം മുന്നേറ്റത്തിൽ പതിനെട്ടുകാരൻ യൂസഫ് മൗകാകോ, ഇരുപതുകാരൻ കരീം അദെയിമി എന്നിവരും ഈ നിരയിലുണ്ട്. കോസ്റ്ററിക്കയെ തകർത്തെത്തിയ ലൂയിസ് എൻറിക്വെയുടെ സ്പാനിഷ് പട ജർമനിക്കെതിരെയും കളിയുടെ തുടക്കത്തിൽ നിയന്ത്രണം നേടി. എന്നാൽ, മികച്ചൊരു സ്ട്രൈക്കറുടെ അഭാവം തെളിഞ്ഞു. അതിനുള്ള പരിഹാരമായാണ് ഫെറാൻ ടോറെസിനെ പിൻവലിച്ച് അൽവാരോ മൊറാട്ടയെ കളത്തിലിറക്കിയത്. ആ നീക്കം ഗുണം ചെയ്തു. ഗോളും വന്നു.
മറുവശത്ത് ഹാൻസി ഫ്ളിക്കും മാറ്റങ്ങൾ വരുത്തി. ഫുൾക്രുഗും ലിറോയ് സാനെയും എത്തിയതോടെ മുസിയാലയുടെ നീക്കങ്ങൾ കൂടുതൽ അപകടകരമാകുകയായിരുന്നു. മൂവരും തമ്മിലുള്ള ഒത്തിണക്കത്തിന്റെ ഫലമായിരുന്നു ജർമനിയുടെ മറുപടി ഗോൾ. കളിയിൽ കൂടുതൽ ഷോട്ടുകൾ പായിച്ചതും ക്രോസുകൾ നൽകിയതും ജർമനിയാണ്. പന്ത് കൈവശംവച്ചതിലും പാസുകളിലും സ്പെയ്ൻ മുന്നിലായിരുന്നു. പക്ഷേ, ഗോളിനുള്ള സംഹാരശേഷിയിൽ അവർ പിന്നിലായി. കോസ്റ്ററിക്കയുമായാണ് ജർമനിയുടെ ഗ്രൂപ്പ് ഇയിലെ അവസാന കളി. ജയിച്ചാൽ മുന്നേറാം. മറുവശത്ത് സ്പെയ്നിന് ജപ്പാനെതിരെ സമനില മതി. ജപ്പാൻ സ്പെയ്നിനെ തോൽപ്പിച്ചാൽ ജർമനിയുടെ വഴിയടയും.