ദോഹ> ഖത്തർ ലോകകപ്പിലെ ശ്രദ്ധേയ പോരാട്ടം ഇന്ന്. ഇറാനും അമേരിക്കയും തമ്മിലാണ് കളി. മത്സരം രാത്രി 12.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ. ജയംപിടിക്കുന്നവർ പ്രീ ക്വാർട്ടറിലേക്ക് മുന്നേറും. കളത്തിലിറങ്ങുംമുമ്പേ വിവാദങ്ങൾ ചൂടുപിടിച്ചു. അമേരിക്കൻ ടീം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ടീം പതാകയിൽനിന്ന് എംബ്ലം ഒഴിവാക്കിയതിനെതിരെ ഇറാൻ ഫിഫയ്ക്ക് പരാതി നൽകി.
ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടതിനെ തുടർന്ന് നാലുപതിറ്റാണ്ടായി അമേരിക്കയുമായി ശീതയുദ്ധത്തിലാണ് ഇറാൻ. യുദ്ധസമാനമായ സാഹചര്യങ്ങളായിരുന്നു പലപ്പോഴും. നയതന്ത്രബന്ധമില്ല. 1998 ലോകകപ്പിൽ ഇരുടീമും മുഖാമുഖം വന്നിരുന്നു. അന്ന് ഇറാൻ അമേരിക്കയെ 2–-1ന് തകർത്തുവിട്ടു.
ഇംഗ്ലണ്ടിനോട് ആദ്യകളിയിൽ തകർന്നടിഞ്ഞ ഇറാൻ, വെയ്ൽസിനെതിരെ ഉശിരൻ തിരിച്ചുവരവ് നടത്തി. രണ്ട് ഗോളിനായിരുന്നു ജയം. മുന്നേറ്റക്കാരൻ മെഹ്ദി തരേമിയാണ് സൂപ്പർതാരം. മികച്ച പ്രതിരോധവും കരുത്താണ്. അമേരിക്കയാകട്ടെ രണ്ട് സമനിലയുമായാണ് വരവ്. നന്നായി കളിച്ചിട്ടും ഗോളടിക്കാനായില്ല. ഗ്രൂപ്പിൽ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ട് ഇന്ന് അയൽക്കാരായ വെയ്ൽസിനെ നേരിടും. ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഗാരെത് സൗത്ഗേറ്റും കൂട്ടരും പ്രീ ക്വാർട്ടറിലേക്ക് മുന്നേറും. വെയ്ൽസിന് ജയം അനിവാര്യം. ഇംഗ്ലണ്ട് ജയിക്കുകയാണെങ്കിൽ ഇറാന് അമേരിക്കയുമായി സമനില മതി.