ഭാവ്നഗർ> സൗരാഷ്ട്ര മേഖലയിൽ തീരദേശ മണ്ഡലമായ ഭാവ്നഗർ ഈസ്റ്റിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി. മുൻമന്ത്രിയും സിറ്റിങ് എംഎൽഎയുമായ വിഭാവരി ദാവെയ്ക്ക് ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ച മണ്ഡലത്തിൽ സിപിഐ എം സ്ഥാനാർഥി അരുൺ മെഹ്തയുടെ സാന്നിധ്യമാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. മുൻമേയറും 20 വർഷം കൗൺസിലറുമായിരുന്ന അരുൺ മെഹ്ത സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗമാണ്. ദീർഘകാലം സംസ്ഥാന സെക്രട്ടറിയായിരുന്നു.
തൊഴിലാളികൾക്കും സാധാരണക്കാർക്കും ഇടയിൽ സിപിഐ എമ്മിനുള്ള സ്വാധീനം അരുൺ മെഹ്തയുടെ പ്രചാരണത്തിൽ പ്രകടമാണ്. വർഗീയകാലുഷ്യം തടയാനും സമാധാനജീവിതം ഉറപ്പാക്കാനും സിപിഐ എം ശക്തമായി നിലകൊള്ളുന്നത് ജനമധ്യത്തിൽ പാർടിയെക്കുറിച്ച് മതിപ്പ് വർധിപ്പിച്ചിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, പെരുകുന്ന ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളും സിപിഐ എം ചർച്ചയാക്കുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ തെരുവുനാടകം അവതരിപ്പിക്കുന്നത് ഇവിടെ പ്രചാരണത്തിൽ പുതുമയായി. കഴിഞ്ഞ ദിവസം നടത്തിയ റോഡ് ഷോയിൽ നല്ല ജനപങ്കാളിത്തമുണ്ടായി. സേജൽ പാണ്ഡെയാണ് ബിജെപി സ്ഥാനാർഥി. ബൽവന്ത് റാത്തോഡ് കോൺഗ്രസിനായി രംഗത്തുണ്ട്.
കച്ചിൽ മുഖ്യവിഷയം മയക്കുമരുന്ന്
പാകിസ്ഥാൻ അതിരിടുന്ന കച്ച് ജില്ലയിൽ മയക്കുമരുന്ന് കള്ളക്കടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയം. 21,000 കോടി രൂപ വിലമതിക്കുന്ന 3000 കിലോഗ്രാം ഹെറോയിൻ കഴിഞ്ഞ വർഷം കണ്ടെത്തിയത് അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള കച്ചിലെ മുണ്ട്ര തുറമുഖത്താണ്. മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ സുരക്ഷിതകേന്ദ്രമായി കച്ച് മാറിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പരിശോധനാ സംവിധാനങ്ങൾ മറികടന്ന് ഇത്രയും അളവിൽ മയക്കുമരുന്ന് രാജ്യത്ത് എത്തിയതിന് കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് വക്താവ് ലളിത് വസോയ ആവശ്യപ്പെട്ടു.
കച്ചിലെ ആറ് നിയമസഭാ മണ്ഡലത്തിൽ നാലിൽ ബിജെപിയും രണ്ടിടത്ത് കോൺഗ്രസുമാണ് കഴിഞ്ഞ തവണ ജയിച്ചത്. എന്നാൽ, അബ്ദസ മണ്ഡലത്തിൽനിന്നു ജയിച്ച കോൺഗ്രസ് എംഎൽഎ പ്രദ്യുമാൻസിങ് ജഡേജ 2020ൽ രാജിവച്ച് ബിജെപിയിൽ ചേർന്നു.
ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ജഡേജ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഇവിടെ ആറിടത്തും ഡിസംബർ ഒന്നിനാണ് വോട്ടെടുപ്പ്.