ഹൈദരാബാദ്
തെലങ്കാനയിൽ ഭരണം അട്ടിമറിക്കാൻ ടിആർഎസ് എംഎൽഎമാർക്ക് കോഴ കൊടുത്ത് കൂറുമാറ്റാൻ ശ്രമിച്ച കേസിൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ പ്രതിചേർത്തു.
സന്തോഷിനെക്കൂടാതെ മറ്റ് മൂന്നുപേരെയും പ്രത്യേക അന്വേഷക സംഘം (എസ്ഐടി) പ്രതിചേർത്തിട്ടുണ്ട്. കേസിൽ ഇതുവരെ എസ്ഐടിക്കുമുന്നിൽ ഹാജരാകാത്ത സന്തോഷിന് വീണ്ടും നോട്ടീസ് നൽകാൻ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് പ്രതിചേർത്ത് നോട്ടീസ് അയച്ചത്. 26നോ 28നോ എസ്ഐടിക്കു മുമ്പാകെ ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടു.
ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എൻഡിഎയുടെ കേരള കൺവീനർ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗു സ്വാമി, ബി ശ്രീനിവാസ് എന്നിവരെ ഉൾപ്പെടുത്തി അഴിമതിവിരുദ്ധ കോടതിയിൽ പ്രത്യേക മെമ്മോയും എസ്ഐടി നൽകിയിട്ടുണ്ട്.