കൊച്ചി
ഇ–-സഞ്ജീവനി ടെലിമെഡിസിൻ സംവിധാനത്തിന് വൻ ജനകീയ പിന്തുണ. ഇതുവഴി ആരോഗ്യസേവനങ്ങൾ ഉപയോഗിച്ചത് സംസ്ഥാനത്ത് നാലരലക്ഷംപേർ. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഇ–-സഞ്ജീവനിയിൽ ലഭ്യമാക്കി. സംസ്ഥാനത്ത് 2020 ജൂൺ 10നാണ് പദ്ധതി ആരംഭിച്ചത്. വീട്ടിലിരുന്ന് ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രായോഗികമാണോ എന്ന് തുടക്കത്തിൽ സംശയമുണ്ടായിരുന്നു. നേരിട്ട് ഡോക്ടർ പരിശോധിക്കാതെ എങ്ങനെ രോഗം മനസ്സിലാകും തുടങ്ങിയ ആശങ്കകളായിരുന്നു കാരണം. എന്നാൽ, കോവിഡ് വന്നതോടെ ജനങ്ങൾ സഹകരിച്ചുതുടങ്ങിയെന്ന് ഇ–-സഞ്ജീവനി നോഡൽ ഓഫീസർ ഡോ. വി എസ് ദിവ്യ പറഞ്ഞു.
ആദ്യമാസങ്ങളിൽ ജനറൽ ഒപിയും കോവിഡ് ഒപിയുമാണ് കാര്യക്ഷമാമായിരുന്നത്. ഇപ്പോൾ അത് സ്പെഷ്യാലിറ്റികളും പിന്നിട്ട് സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളിലേക്കും വ്യാപിച്ചു. ദിവസവും 200 മുതൽ 350 പേർവരെ ഇ–-സഞ്ജീവനി ഉപയോഗിക്കുന്നുണ്ട്. ഇതുവരെ 4,56,626 കൺസൾട്ടേഷൻ ഓൺലൈനിലൂടെ നടന്നുകഴിഞ്ഞു. 5552 ഡോക്ടർമാരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്.
സേവനങ്ങൾ കൂടുതൽ വ്യാപകമായതോടെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽനിന്ന് എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളും രോഗികൾക്ക് ലഭ്യമായിത്തുടങ്ങി. ഇതിന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കമ്മിറ്റിയും ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
രോഗികൾക്ക് ഡോക്ടർമാരെ കാണാനാകുന്നത് കൂടാതെ ഡോക്ടർമാർക്ക് മറ്റ് ഡോക്ടർമാരുമായി ചർച്ചചെയ്യാനും ഇ–-സഞ്ജീവനി ഉപയോഗിക്കുന്നുണ്ട്. പതിനായിരത്തിലധികം പരിശോധനകൾ ഡോക്ടർ ടു ഡോക്ടർവഴി പൂർത്തിയായി. ജില്ലാ ജനറൽ ആശുപത്രികൾ മുഖേന സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കൽ കോളേജുകൾവഴി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പ്രാഥമിക പരിശോധന നടക്കും. രോഗിക്ക് വിദഗ്ധ ഡോക്ടർമാരുടെ പരിശോധന ആവശ്യമുള്ള സാഹചര്യമുണ്ടെങ്കിൽ ഡോക്ടർ ടു ഡോക്ടർ സേവനംവഴി അവസരമൊരുക്കും. ഇതിലൂടെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മെഡിക്കൽ കോളേജുകളിലേക്കും ജില്ലാ ആശുപത്രികളിലേക്കും പോകാതെതന്നെ വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാകും.