ഹൈദരാബാദ്
തെലങ്കാനയിൽ ഭരണം അട്ടിമറിക്കാൻ ടിആർഎസ് എംഎൽഎമാർക്ക് കോഴ കൊടുത്ത് കൂറുമാറ്റാൻ ശ്രമിച്ച കേസിൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് വീണ്ടും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം. കേസിൽ 21ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷക സംഘം സന്തോഷിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതുവരെയും ഹാജരായിട്ടില്ല. എന്ന് ഹാജരാകുമെന്നു പറയാതെ സന്തോഷ് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെലങ്കാന അഡ്വക്കറ്റ് ജനറൽ ബി എസ് പ്രസാദ് കോടതിയെ അറിയിച്ചു. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചത്.
നോട്ടീസിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള സന്തോഷിന്റെ ഹർജി കഴിഞ്ഞ 19ന് കോടതി തള്ളിയിരുന്നു. നോട്ടീസ് കൈപ്പറ്റുംവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി എസ്ഐടിയോട് നിർദേശിച്ചിരുന്നു. ഈ കേസ് 29ന് വീണ്ടും പരിഗണിക്കും.