ന്യൂഡൽഹി > കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ ആവശ്യം ഉന്നയിച്ചുള്ള ട്രാൻസ്ഫർ പെറ്റീഷൻ തള്ളിയ സുപ്രീംകോടതി അതിനിശിതമായി വിമർശിച്ചു.
സിബിഐയുടെ ആവശ്യം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ജസ്റ്റിസുമാരായ കൃഷ്ണമുരാരി, എസ് രവീന്ദ്രഭട്ട് ചൂണ്ടികാണിച്ചു. നിലവിൽ എറണാകുളം സിബിഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അത്, തമിഴ്നാട്ടിലേക്കോ കർണാടകത്തിലേക്കോ മാറ്റാണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ഒരാവശ്യം ഏജൻസി ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു.
രാഷ്ട്രീയ പ്രേരിതമായ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് സിബിഐ ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ആരോപിച്ചു. ഇതേ ആരോപണം നിങ്ങൾക്കും ബാധകമാണെന്ന് കോടതി തിരിച്ചടിച്ചു. സിബിഐ പെറ്റീ ഷന് പിന്നിലും രാഷ്ട്രീയ പ്രേരണ പ്രകടമാണ്. സിബിഐ കേസ് അന്വേഷിച്ചു. വിചാരണ നടക്കുന്നത് സിബിഐ കോടതിയിലാണ്. അപ്പോൾ, സിബിഐ കോടതി ജഡ്ജി സമ്മർദങ്ങൾക്ക് വിധേയനാകുമെന്ന് സിബിഐ തന്നെ തുറന്നുസമ്മതിക്കുകയാണോ എന്നും കോടതി ആരാഞ്ഞു. കോടതിയുടെ ചോദ്യങ്ങൾക്ക് അഡിഷണൽ സോളീസിറ്റർ ജനറലിന് മറുപടി നൽകിയില്ല. ഈ സാഹചര്യത്തിൽ, പെറ്റീഷൻ തള്ളുകയാണെന്ന് സുപ്രീംകോടതി അറിയിച്ചു.
കേസിലെ വിചാരണ മതിയായ കാരണങ്ങൾ ഇല്ലാതെ കേരളത്തിന് പുറത്തേക്ക് മാറ്റാൻ കരുനീക്കിയ സിബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനങ്ങൾ കനത്ത തിരിച്ചടിയായി. കേസിലെ മൂന്നാം പ്രതിയായ പ്രകാശനെ കക്ഷി ചേർത്താണ് സിബിഐ ട്രാൻസ്ഫർ പെറ്റിഷൻ ഫയൽ ചെയ്തിരുന്നത്. തികച്ചും അനാവശ്യമായ നടപടിയാണ് സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്ന് പ്രകാശന് വേണ്ടി ഹാജരായ അഡ്വ. എം എൽ ജിഷ്ണു വാദിച്ചു. സിബിഐ പെറ്റിഷന് പിന്നിൽ ന്യായീകരിക്കാവുന്ന ഒരു കാരണം പോലുമില്ല. വിചാരണ കേരളത്തിന് പുറത്തേക്ക് മാറിയാൽ നൂറുകണക്കിന് സാക്ഷികൾക്ക് അത് ബുദ്ധിമുട്ടാകും. വിചാരണയെ അത് പ്രതികൂലമായി ബാധിക്കുമെന്നും അഭിഭാഷകൻ ചൂണ്ടികാണിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദ് ഹാജരായി.















