മോസ്കോ
അമേരിക്കയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ക്യൂബയുമായുള്ള ബന്ധം ദൃഢമാക്കി റഷ്യ. ഇരുരാജ്യവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്യൂബൻ വിപ്ലവനേതാവ് ഫിദൽ കാസ്ട്രോയുടെ പ്രതിമ മോസ്കോയിൽ അനാച്ഛാദനം ചെയ്തു. ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ക്യൂബൻ പ്രസിഡന്റ് മിഖേൽ ദിയസ് കാനലും ചേർന്നാണ് വടക്കൻ മോസ്കോയിൽ ഫിദലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇരുരാജ്യവും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ചടങ്ങിൽ ഇരുവരും പറഞ്ഞു.
വ്യക്തി ആരാധന വിലക്കിയ ഫിദൽ തനിക്ക് പ്രതിമകളുണ്ടാക്കരുതെന്ന് പറഞ്ഞിരുന്നു. ഇതിനാൽ ക്യൂബയിൽ ഫിദലിന്റെ പ്രതിമയില്ല. എന്നാൽ, ഫിദലിന് സോവിയറ്റ് യൂണിയനുമായി ഉണ്ടായിരുന്ന സൗഹൃദം പരിഗണിച്ച് പ്രതിമ സ്ഥാപിക്കണമെന്ന് പുടിൻ അഭ്യര്‍ഥിക്കുകയായിരുന്നു.നിലവിൽ അമേരിക്കയുടെ കടുത്തം ഉപരോധനം നേരിടുകയാണ് ഇരുരാജ്യവും. റഷ്യൻ പാർലമെന്റിൽ സംസാരിച്ച മിഖേൽ ദിയസ്കാനൽ ഉക്രയ്നിലെ റഷ്യയുടെ നടപടിയില്‍ പിന്തുണ അറിയിച്ചു.