ഐക്യരാഷ്ട്ര കേന്ദ്രം
ലോകത്ത് ഓരോ 11 മിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ വീതം അവരുടെ ജീവിതപങ്കാളിയാലോ അടുത്ത കുടുംബാംഗത്താലോ കൊല്ലപ്പെടുന്നെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ് ലോകത്ത് ഏറ്റവും വ്യാപകമായുള്ള മനുഷ്യാവകാശ ലംഘനം. ഇത് തടയാൻ സർക്കാരുകൾ പ്രത്യേക കർമപദ്ധതിക്ക് രൂപംനൽകണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്മൂലം ചെയ്യാനുള്ള അന്തർദേശീയ ദിനം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ അതിക്രമങ്ങൾ, ലൈംഗിക പീഡനങ്ങൾ, വിദ്വേഷപ്രചാരണം, വ്യക്തിഹത്യ എന്നിവയും അധികരിക്കുന്നു.
2026ൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾക്കുള്ള ഫണ്ടിങ് 50 ശതമാനം വർധിപ്പിക്കണം. ആണധികാര പ്രഘോഷണങ്ങൾക്കും അധീശത്വം സ്ഥാപിക്കലിനുമെതിരെ ക്യാമ്പയിനുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നുചേരുക’ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.