ബാലൻ ഡി ഓർ ജേതാവായിരുന്നു ജോർജ് വിയ്യ. ആദ്യമായും അവസാനമായും ലോകഫുട്ബോളറായ ഏക ആഫ്രിക്കൻ താരം. ക്ലബ് ഫുട്ബോളിൽ മൊണാകോയ്ക്കായും പിഎസ്ജിക്കായും എസി മിലാനായും ഗോൾവർഷിച്ച മുന്നേറ്റക്കാരൻ. 1995ലായിരുന്നു ലൈബീരിയക്കാരൻ ബാലൻ ഡി ഓർ സ്വന്തമാക്കിയത്. കളിത്തട്ടിലെ പരമോന്നത വ്യക്തിഗത പുരസ്കാരം നേടിയ ജോർജിന് പക്ഷേ ഒരു തീരാദുഃഖമുണ്ടായിരുന്നു–-ലോകകപ്പ്. ചരിത്രത്തിൽ ഇതുവരെ ലൈബീരിയ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ജോർജ് ബെസ്റ്റ്, റ്യാൻ ഗിഗ്സ് തുടങ്ങി ലോകകപ്പ് കളിക്കാത്ത പ്രതിഭകളുടെ നിരയിലാണ് ജോർജ് വിയ്യയുടെ സ്ഥാനം.
വർഷങ്ങൾ പിന്നിട്ടു. ജോർജ് ഇന്ന് ലൈബീരിയൻ പ്രസിഡന്റാണ്. കാൽപ്പന്തിന്റെ ലോകം വിട്ട് സ്വന്തംജനതയുടെ ഉന്നമനം തേടി രാഷ്ട്രീയത്തിലിറങ്ങി. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിൽ ജോർജ് ഇത്തവണ ഖത്തറിൽ ലോകകപ്പ് കാണാനെത്തി. തനിക്ക് അസാധ്യമായത് മകൻ തിമോത്തി വിയ്യയിലൂടെ സഫലമാകുന്നത് കാണാൻ. അമേരിക്കൻ മുന്നേറ്റക്കാരനാണ് തിമോത്തി. വെയ്ൽസിനെതിരെ ആദ്യപതിനൊന്നിൽ ഇറങ്ങുകയും ഗോളടിക്കുകയും ചെയ്തു ഇരുപത്തിരണ്ടുകാരൻ. ഇത് കാണാൻ ജോർജും ഭാര്യ ക്ലാർ വിയ്യയും അൽ റയ്യാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. അമേരിക്കയിലാണ് തിമോത്തി ജനിച്ചതും വളർന്നതും. കുട്ടിക്കാലത്തെ അച്ഛന്റെ പാത പിന്തുടർന്നു. പ്രാദേശിക ക്ലബ്ബുകളിൽ കളിച്ചായിരുന്നു തുടക്കം. പിന്നീട് പിഎസ്ജി അക്കാദമിയിൽ. 2015 മുതൽ അമേരിക്കൻ ജൂനിയർ ടീമുകളിലുണ്ട്. ലൈബീരിയ, അമ്മയുടെ ജന്മനാടായ ജമൈക്ക, താമസസ്ഥലമായ ഫ്രാൻസ്, പിന്നെ അമേരിക്ക. ഈ നാല് രാജ്യങ്ങളെ പ്രതിനിധാനം ചെയ്യാൻ തിമോത്തിക്ക് യോഗ്യതയുണ്ട്. ഫ്രഞ്ച് അസോസിയേഷൻ കൗമാരക്കാരനെ നേരിട്ട് ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ഇത് നിരസിച്ച് അമേരിക്ക തെരഞ്ഞെടുത്തു. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിലൂടെയാണ് തിമോത്തി വരവറിയിച്ചത്. പ്രീ ക്വാർട്ടറിൽ പരാഗ്വേയ്ക്കെതിരെ ഹാട്രിക് നേടി. ഫിഫ ടൂർണമെന്റിൽ നോക്കൗട്ട് റൗണ്ടിൽ ഈ നേട്ടമുള്ള ഏക അമേരിക്കൻ താരമായി. 2018ലായിരുന്നു സീനിയർ അരങ്ങേറ്റം. ഇതുവരെ 26 കളിയിൽ നാല് ഗോൾ.
അറുപത്തിനാല് വർഷത്തിനുശേഷം ലോകകപ്പിന് എത്തിയ വെയ്ൽസിനെതിരെ ആദ്യപകുതിയിലായിരുന്നു തിമോത്തിയുടെ ഗോൾ. എന്നാൽ, കളിയവസാനം ഗാരെത് ബെയ്ലിന്റെ പെനൽറ്റിയിൽ വെയ്ൽസ് സമനില പിടിച്ചു.